ആശങ്കകള്‍ക്ക് വിരാമം; ചൈനയുടെ സ്വപ്‌ന പദ്ധതിക്ക് ദക്ഷിണ പസഫിക്കില്‍ അന്ത്യം

TIANGGONG1

ബീജിങ്: ആശങ്കകള്‍ക്ക് വിരാമമായി. നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശനിലയം ‘ടിയാന്‍ഗോങ് 1’ ദക്ഷിണ ഫസഫിക് സമുദ്രത്തിന് മുകളില്‍ എരിഞ്ഞമര്‍ന്നു. നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചതായി അധകൃതര്‍ വ്യക്തമാക്കിയിട്ടില്ല.

കടുത്ത ഘര്‍ഷണത്തില്‍ നിലയത്തിന്റെ മിക്ക ഭാഗങ്ങളും കത്തി തീര്‍ന്നിരുന്നുവെന്നാണ് ചൈനീസ് ബഹിരാകാശ ഏജന്‍സി അറിയിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 00.15 ഓടെ ടിയാന്‍ഗോങ് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചുവെന്ന് ചൈനീസ് ബഹിരാകാശ ഗവേഷകര്‍ അറിയിച്ചിരുന്നു. ഓര്‍ബിറ്റ് അനാലിസിസ് വിദ്യയിലൂടെ ടിയാന്‍ഗോങ്1-ന്റെ തിരിച്ചുവരവ് സ്ഥരീകരിച്ചതായി യുഎസും വ്യക്തമാക്കിയിരുന്നു.

spacestation

ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് രാത്രി 11.20-നു ശേഷം എപ്പോള്‍ വേണമെങ്കിലും നിലയം ഭൂമിയിലേക്കു പതിക്കാമെന്നായിരുന്നു ചൈന അറിയിച്ചിരുന്നത്. എന്നാല്‍, നിലയം എവിടെ, എപ്പോള്‍ പതിക്കുമെന്നു കൃത്യമായ വിവരം വ്യക്തമാക്കിയിരുന്നില്ല.

ഓസ്‌ട്രേലിയയ്ക്കും യുഎസിനും ഇടയിലായിരിക്കും നിലയം വീഴുകയെന്നാണു ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നത്. ഭീഷണിയുണ്ടായിരുന്നെങ്കിലും കേരളം ആശങ്കപ്പെടേണ്ടതില്ല എന്നായിരുന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളില്‍ വീണേക്കുമെന്നാണു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്. റഷ്യ, കാനഡ, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ വീഴാനിടയുണ്ടെന്നു മറ്റൊരു വിഭാഗം വാദിച്ചത്.

tiang

ഏഴു ടണ്‍ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ കത്തിത്തീര്‍ന്നിരുന്നു. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എന്‍ജിന്‍ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങളാണ് ബാക്കിയുണ്ടായിരുന്നത്.

വന്‍ശക്തികളായ റഷ്യക്കും അമേരിക്കയ്ക്കും ഒപ്പം എത്താനാണ് ചൈന തങ്ങളുടെ വലിയ സ്വപ്ന പദ്ധതിയായ ടിയാന്‍ഗോങ് 1 വിക്ഷേപിച്ചത്. 2011 സെപ്റ്റംബര്‍ 29-നാണ് ബഹിരാകാശ നിലയം വിക്ഷേപിച്ചത്. അന്ന് എട്ടര ടണ്‍ ഭാരവും 10.5 മീറ്റര്‍ നീളവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭാരം ഏഴു ടണ്‍. 2016-മാര്‍ച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്.

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയില്‍ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാന്‍ ഗോങ്. ‘സ്വര്‍ഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനര്‍ഥം. ചൈനീസ് ശാസ്ത്രജ്ഞര്‍ക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

1979-ല്‍ തകര്‍ന്നു വീണ നാസയുടെ സ്‌കൈലാബ് ആണ് ഇതിനുമുമ്പ് ഭൂമിയില്‍ പതിച്ച ബഹിരാകാശനിലയം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്‌കൈലാബിന്റെ ചില ഭാഗങ്ങള്‍ പതിച്ചിരുന്നു.

Top