മുസ്ലീങ്ങളെ ‘നന്നാക്കാന്‍’ ജയിലുകള്‍; ചൈനയ്ക്ക് പാരയായി രേഖകള്‍ ചോര്‍ന്നു

രാജ്യത്തെ മുസ്ലീം വിഭാഗങ്ങളുടെ വിശ്വാസങ്ങളും, മനസ്സും മാറ്റാന്‍ അതീവ സുരക്ഷാ ജയിലുകള്‍ നടത്തുന്നതായി ചൈനയുടെ ഔദ്യോഗിക രേഖകള്‍. ഇതാദ്യമായി ഔദ്യോഗിക രേഖകള്‍ ചോര്‍ന്നതോടെയാണ് ചൈനയുടെ മുസ്ലീം വിരുദ്ധ നിലപാടുകള്‍ പുറംലോകത്ത് വരുന്നത്. സിന്‍ജിയാംഗ് പ്രദേശത്തെ ക്യാംപുകള്‍ നിര്‍ബന്ധിത വിദ്യാഭ്യാസത്തിനും, പരിശീലനത്തിനും വേണ്ടിയാണെന്നാണ് ചൈന ഇതുവരെ അവകാശപ്പെട്ട് വന്നിരുന്നത്.

എന്നാല്‍ ഈ ജയിലുകളില്‍ ചൈനക്കാരെ തടങ്കലിലാക്കി വിശ്വാസങ്ങള്‍ മാറ്റിമറിക്കാനും, ശിക്ഷകള്‍ നല്‍കുന്നതുമാണ് രീതിയെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിന് ലഭിച്ച ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ഉയിഗുര്‍ മുസ്ലീങ്ങളും, മറ്റ് ന്യൂനപക്ഷ മുസ്ലീം വിഭാഗങ്ങളിലും പെടുന്ന ഒരു മില്ല്യണ്‍ ആളുകളെയാണ് ഈ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്‌ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ട് രേഖകള്‍ പറയുന്നു.

ന്യൂനപക്ഷ മതക്കാരെ കുറ്റങ്ങള്‍ ചെയ്യാതെ തന്നെ അടച്ചുപൂട്ടി ഇവരുടെ മനസ്സും, സംസാരിക്കുന്ന ഭാഷയും മാറ്റാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങളാണ് രഹസ്യ രേഖകള്‍ ചോര്‍ന്നതോടെ പുറത്തുവന്നത്. ഡാറ്റയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് സാമൂഹിക നിയന്ത്രണവും ബീജിംഗ് നടത്തിവരുന്നതായി രേഖകള്‍ വ്യക്തമാക്കി. ചൈനയിലെ പ്രധാന ഭാഷയായ മാന്‍ഡാറിന്‍ എത്ര നന്നായി സംസാരിക്കുന്നു എന്നത് അടിസ്ഥാനമാക്കി തടവുകാര്‍ക്ക് സ്‌കോര്‍ നല്‍കിവരുന്നുണ്ട്.

കൂടാതെ കുളിക്കാനും, കക്കൂസ് ഉപയോഗിക്കാനും വരെ കര്‍ശനമായ നിയമങ്ങളുണ്ട്. സങ്കീര്‍ണമായ സ്‌കോര്‍ നോക്കിയാണ് തടവുകാരെ മോചിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ ക്യാംപില്‍ പാര്‍പ്പിച്ച ശേഷമാണ് ഇവര്‍ക്ക് അടിസ്ഥാന പരിശീലനങ്ങള്‍ നല്‍കുന്നത്. ഇസ്ലാമിക തീവ്രവാദം തടയാനാണ് ഉയിഗുര്‍ മുസ്ലീങ്ങളെ നന്നാക്കാനുള്ള ശ്രമങ്ങളെന്നാണ് ചൈനീസ് ന്യായീകരണം. എന്നാല്‍ രേഖകളില്‍ പറയുന്ന വിവരങ്ങള്‍ വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ് തള്ളുകയാണ് ചൈനീസ് അധികൃതര്‍.

Top