അമേരിക്കൻ നുണകള്‍ തുറന്ന് കാട്ടി കോവിഡിൽ ചൈനയുടെ മാസ് മറുപടി

ബെയ്ജിങ്: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരായി അമേരിക്ക നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചൈന രംഗത്ത്. അസംബന്ധമായ 24 ആരോപണങ്ങള്‍ എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് വാര്‍ത്താസമ്മേളനത്തില്‍ ഇവയെ വിശേഷിപ്പിച്ചത്.

30 പേജുള്ള 11,000 വാക്കുകളുള്ള ഇവ വിശദമായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കുകയും ചുന്‍യിങ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

‘സ്റ്റേറ്റ് സെക്രട്ടറി പോംപെയോ, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് തുടങ്ങിയവര്‍ അഭിമുഖങ്ങള്‍ നല്‍കുന്ന തിരക്കിലാണ്. അതിലൂടെ കോവിഡ് രോഗത്തിന്റെ പേരില്‍ ചൈനയുടെ നേര്‍ക്കു അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ചൈന ഉടനടി പ്രവര്‍ത്തിച്ചില്ലെന്നും കൃത്യമായ ഡേറ്റ കൈമാറിയില്ലെന്നുമാണ് ഇവരുടെ ആരോപണം. ചൈനയെ കുറ്റക്കാരാക്കണമെന്നു കാട്ടി അന്വേഷണവും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഞങ്ങള്‍ ആവര്‍ത്തിച്ചു സ്ഥിതി വിശദമാക്കി. എങ്കിലും അമേരിക്ക നുണകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ഥ വസ്തുതകള്‍ എന്താണെന്ന് ലോകം തിരിച്ചറിയണം.’ ചുന്‍യിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ്19 ചൈനീസ് വൈറസ് / വുഹാന്‍ വൈറസ് എന്നായിരുന്നു അമേരിക്കയുടെ ഒന്നാമത്തെ ആരോപണം. ഒരു രോഗത്തെ പ്രത്യേക രാജ്യത്തിന്റെ പേരിലോ സ്ഥലത്തിന്റെ പേരിലോ ബന്ധപ്പെടുത്തി വിശേഷിപ്പിക്കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു അതിന് ചൈനയുടെ
മറുപടി.

രണ്ടാമതായി വുഹാനാണ് വൈറസിന്റെ ഉദ്ഭവസ്ഥാനം എന്നായിരുന്നു.
വുഹാനില്‍ ആദ്യം വൈറസ് റിപ്പോര്‍ട്ട് ചെയ്‌തെന്നതിന്റെ പേരില്‍ അവിടെയാണ് ഉദ്ഭവിച്ചതെന്നു പറയാനാകില്ല ഉദ്ഭവസ്ഥാനം എവിടെയെന്നു കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്തുക എന്നത് ഗൗവരമേറിയ ശാസ്ത്ര കാര്യമാണെന്നും അതു ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗവേഷകരും ആരോഗ്യ രംഗത്തെ വിദഗ്ധരും വേണം പഠിക്കാനെന്നും ചൈന വ്യക്തമാക്കി.

മൂന്നാമതായി അമേരിക്കയുടെ ആരോപണം വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വൈറസാണിതെന്നായിരുന്നു. നിലവിലുള്ള എല്ലാ തെളിവുകളും വ്യക്തമാക്കുന്നത് കോവിഡിനു കാരണമായ സാര്‍സ് കോവ് 2 വൈറസ് പ്രകൃതിയില്‍നിന്ന് ഉണ്ടായതാണെന്നും മനുഷ്യനിര്‍മിതമല്ലെന്നുമാണ് ചൈന പറഞ്ഞു.

നാലാമതായി വൈറസ്, വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് അബദ്ധത്തില്‍ ചോര്‍ന്നതാണെന്നായിരുന്നു ആരോപണം. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വുഹാന്‍ നാഷനല്‍ ബയോസേഫ്റ്റ് ലാബ് ചൈന ഫ്രാന്‍സ് സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാണ്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന് വൈറസുകളെ നിര്‍മിക്കാനോ സംശ്ലേഷണം ചെയ്യിക്കാനോ (സിന്തസൈസ്) ഉള്ള ശേഷിയില്ല. പത്തോജന്‍ ഇവിടെനിന്നാണ് ചോര്‍ന്നതെന്നതിന് തെളിവില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാര്‍ക്കാര്‍ക്കും രോഗബാധയുണ്ടായിട്ടില്ലെന്ന് ചൈന പറയുന്നു.

അഞ്ചാമതായി അമേരിക്കയുടെ ആരോപണം ചൈനയാണ് വൈറസ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പടര്‍ത്തിയതെന്നാണ്. അതിന് ചൈനയുടെ മറുപടി ഇങ്ങനെയായിരുന്നു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കര്‍ശന നടപടികളാണു ചൈന സ്വീകരിച്ചത്. ഇതോടെ വുഹാനില്‍ തന്നെ വൈറസിനെ ഒരു പരിധി വരെ ഒതുക്കി നിര്‍ത്താന്‍ കഴിഞ്ഞു. തീരെ കുറവു കേസുകള്‍ മാത്രമാണു ചൈനയില്‍ നിന്നു പുറത്തേക്ക് പോയതൊന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആറാമതായി വവ്വാലുകളെ കഴിച്ചതിലൂടെയാണ് ചൈനക്കാര്‍ക്ക് വൈറസ് പടര്‍ന്നതെന്ന ആരോപണമാണ്. അതിന് വവ്വാലുകള്‍ ഒരിക്കലും ചൈനയിലെ ഭക്ഷണശൈലിയുടെ ഭാഗമല്ല എന്നായിരുന്നു ചൈനയുടെ മറുപടി.

ഏഴാമതായി വൈറസ് മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പടരുമെന്ന വിവരം മറച്ചുവച്ചു എന്നായിരുന്നു ആരോപണം.

അതിന് ചൈനയും ലോകാരോഗ്യസംഘടനയും ഇതുസംബന്ധിച്ച് കൃത്യസമയത്ത് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നും അമേരിക്കയ്ക്ക് വൈറസിന്റെ അപകടത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നുമായിരുന്നു ചൈനയുടെ മാസ് മറുപടി.

Top