വെറും 48 മണിക്കൂര്‍; കൊറോണയെ നേരിടാന്‍ 1000 കിടക്കകളുള്ള ആശുപത്രി തയ്യാറാക്കി ചൈന

കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ചൈനയുടെ ആദ്യത്തെ കൊറോണാ ഹോസ്പിറ്റല്‍ ആരംഭിച്ചു. ജോലിക്കാരും, വോളണ്ടിയര്‍മാരും രണ്ട് ദിവസം നിര്‍ത്താതെ പണിയെടുത്താണ് ഒരു ഒഴിഞ്ഞ കെട്ടിടം 1000 ബെഡ്ഡുള്ള അടിയന്തര സൗകര്യമാക്കി മാറ്റിയെടുത്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ കണ്‍സ്ട്രക്ഷന്‍ കമ്പനികളും, പാരാമിലിറ്ററി പോലീസ് സേനകളും സംയുക്തമായാണ് പദ്ധതി 48 മണിക്കൂര്‍ കൊണ്ട് തയ്യാറാക്കിയതെന്ന് നഗരാധികൃതര്‍ പറഞ്ഞു.

നഗരത്തിലെ ഹുവാംഗ്‌സു ജില്ലയില്‍ ഹുവാന്‍ഗാംഗ് സെന്‍ഡ്രല്‍ ഹോസ്പിറ്റലിന്റെ ശാഖ പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍മ്മിച്ച കെട്ടിടമാണ് രണ്ട് ദിവസം കൊണ്ട് കൊറോണാവൈറസ് ആശുപത്രിയാക്കി മാറ്റിയത്. കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും ഒഴിഞ്ഞ് കിടക്കുകയായിരുന്ന കെട്ടിടമാണ് കൊറോണാ രോഗികളെ ചികിത്സിക്കാനായി മാറ്റിയെടുത്തത്.

ശനിയാഴ്ചയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തിങ്കളാഴ്ച തന്നെ വോളണ്ടിയര്‍മാര്‍ ആശുപത്രിയില്‍ ആവശ്യമായ ബെഡ്ഡുകള്‍ തയ്യാറാക്കി. ഇതിന് പുറമെ വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് സംവിധാനങ്ങളും സ്ഥാപിച്ചു. രോഗികള്‍ എത്തുന്നതിന് മുന്‍പ് മെഡിക്കല്‍ സംവിധാനങ്ങളുമായി പരിചയത്തിലാകാന്‍ മെഡിക്കല്‍ ജീവനക്കാര്‍ പരിശീലനം ആരംഭിച്ച ദൃശ്യങ്ങള്‍ ചൈനയുടെ കവര്‍ ന്യൂസ് പങ്കുവെച്ചു.

അഞ്ഞൂറിലേറെ ജോലിക്കാരും, ഡസന്‍ കണക്കിന് ഹെവി വാഹനങ്ങളും രണ്ട് ദിവസം രാത്രിയും പകലും ജോലി ചെയ്താണ് നിര്‍മ്മാണം കൃത്യസമയത്ത് പൂര്‍ത്തിയാക്കിയത്. കൊറോണ ഇതിനകം ചൈനയില്‍ 131 പേരുടെ മരണത്തിന് ഇടയാക്കി. ആഗോള തലത്തില്‍ 6000 പേര്‍ക്കാണ് വൈറസ് പിടിപെട്ടിരിക്കുന്നത്. മറ്റ് നാല് കൊറോണ ഹോസ്പിറ്റലുകളും ചികിത്സിക്കാനായി വുഹാന്‍ തയ്യാറാക്കുന്നുണ്ട്.

Top