ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവ്; ഒരുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍

മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവ്. ജൂലായ്-സെപ്റ്റംബര്‍ കാലത്ത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 4.9 ശതമാനത്തിലേക്കാണ് വളര്‍ച്ച കുറഞ്ഞത്. രൂക്ഷമായ ഊര്‍ജക്ഷാമം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, റിയല്‍ എസ്റ്റേറ്റ് വിപണിയുടെ തകര്‍ച്ച തുടങ്ങിയവയാണ് ചൈനയ്ക്ക് തിരിച്ചടിയായത്. 2020 സാമ്പത്തികവര്‍ഷം മൂന്നാം പാദത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണിത്.

ചൈനയിലെ ഏറ്റവും വലിയ നിര്‍മാണക്കമ്പനികളിലൊന്നായ എവര്‍ഗ്രാന്‍ഡെയുടെ പ്രതിസന്ധി ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ വലിയ ആഘാതമാണുണ്ടാക്കിയിട്ടുള്ളത്. ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഈ മേഖലയ്ക്കുള്ള പങ്കും വളരെ വലുതാണ്. വൈദ്യുതക്ഷാമം രൂക്ഷമായതോടെ ഉത്പാദനം കുറഞ്ഞു. വിതരണ ശൃംഖലയിലും തടസ്സങ്ങളുണ്ടായി. ഇതെല്ലാം ചേര്‍ന്നതാണ് വളര്‍ച്ചനിരക്ക് കുറയാന്‍ കാരണമായിരിക്കുന്നത്.

വ്യാവസായികോത്പാദനം 2020 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍. അതേസമയം, ഈ സാമ്പത്തികവര്‍ഷം എട്ടുശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഗവര്‍ണര്‍ യീ ഗാങ് പറഞ്ഞു. കോവിഡ് ലോക്ഡൗണിനുശേഷം നടപ്പുവര്‍ഷം ആദ്യപാദത്തില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ 18.3 ശതമാനം വളര്‍ച്ച നേടിയിരുന്നു.

Top