കോവിഡ് വാക്‌സിന്‍: ആദ്യഘട്ട പരീക്ഷണം വിജയകരം; അന്തിമ പരീക്ഷണം ഉടനെന്ന് ചൈന

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ട് ചൈന. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം പ്രതിരോധശേഷി കൈവരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാക്സിന്റെ അന്തിമ പരീക്ഷണം ഉടന്‍ നടത്തുമെന്നും ചൈന വ്യക്തമാക്കി.

ചൈനയിലെ വിവിധ ലാബുകളിലായി നിരവധി ഗവേഷകര്‍ ഒന്നിച്ച് നടത്തിയ ഗവേഷണമാണ് ഫലം കണ്ടത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ പരീക്ഷിച്ചത്. ഇതില്‍ ഭൂരിപക്ഷം പേരും പൂര്‍ണആരോഗ്യം വീണ്ടെടുത്തുവെന്നാണ് ചൈന പറയുന്നത്.

108 പേരുടെ ശരീരത്തിലും രണ്ടാഴ്ചക്കുള്ളില്‍ പ്രതിരോധ കോശമായ ‘ടി സെല്‍’ വികസിച്ചെന്നും 28 ദിവസത്തിന് ശേഷം രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി രൂപപ്പെട്ടെന്നും വാക്സിന്‍ ഗവേഷകര്‍ അവകാശപ്പെടുന്നു.

ചൈനീസ് അക്കാദമി ഓഫ് എന്‍ജിനിയറിംഗ് അംഗവും അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ബയോളജി പ്രൊഫസറുമായ ഷെന്‍ വേയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് മനുഷ്യരിലെ പരീക്ഷണം നടത്തിയത്. 28 ദിവസം നീണ്ട നിരീക്ഷണത്തിനുശേഷം ആര്‍ക്കും ഗുരുതരമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയുമില്ല. 508 പേരില്‍ നടത്തുന്ന രണ്ടാംഘട്ട പരീക്ഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Top