‘ചൈനീസ് വൈറസ്’ അമേരിക്കയിലും; വുഹാന്‍ സന്ദര്‍ശിച്ച യുവാവ് രോഗവുമായി തിരിച്ചെത്തി

ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അപകടകാരിയായ കൊറോണാവൈറസ് അമേരിക്കക്കാരനെയും പിടികൂടിയതായി സ്ഥിരീകരിച്ച് സിഡിസി. സിയാറ്റിലില്‍ നിന്നുള്ള ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ പോയിമടങ്ങിയ ഈ യുവാവ് നിലവിലെ പ്രഭവകേന്ദ്രങ്ങളില്‍ പോയിട്ടില്ലെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ജനുവരി 15നാണ് ഇയാള്‍ യുഎസില്‍ മടങ്ങിയെത്തിയത്. സ്‌ക്രീനിംഗ് ആരംഭിക്കുന്നതിന് മുന്‍പ് എത്തിയതിനാല്‍ എയര്‍പോര്‍ട്ടില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ചുമയും, പനിയും, ജലദോഷവും പിടിപെട്ടതോടെ ഓണ്‍ലൈനില്‍ വൈറസ് ബാധ സംബന്ധിച്ച് വായിച്ചറിഞ്ഞ യുവാവ് സംശയം തോന്നി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. 16ാം തീയതി ആശുപത്രിയിലെത്തിയ യുവാവിനെ 17ന് പരിശോധനയ്ക്ക് വിധേയനാക്കി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുഎസില്‍ ആദ്യ വൈറസ് ബാധിച്ച രോഗിയെ കണ്ടെത്തിയതോടെ വുഹാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളുടെ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തിയ മൂന്ന് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടു. ലാക്‌സ്, സാന്‍ഫ്രാന്‍സിസ്‌കോ, ജെഎഫ്‌കെ എന്നിവിടങ്ങള്‍ക്ക് പുറമെ ഷിക്കാഗോ ഒ’ഹാരെ, ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ഇപ്പോള്‍ പരിശോധനകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

അമേരിക്കക്കാരന്റെ സ്ഥിതി ആശങ്കാജനകമല്ലെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി ജാഗ്രത പുലര്‍ത്തുന്നുണ്ട്. യുഎസിലേക്ക് കൂടി രോഗം ബാധിച്ച വ്യക്തി എത്തിയതോടെ അഞ്ച് വിദേശരാജ്യങ്ങളിലാണ് ഇപ്പോള്‍ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. തായ്‌ലാന്‍ഡ്, ജപ്പാന്‍, സൗത്ത് കൊറിയ, തായ്‌വാന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് വൈറസ് പടരുന്നതായി ആരോഗ്യവിദഗ്ധര്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ബെയ്‌ലോര്‍ യൂണിവേഴ്‌സിറ്റി വാക്‌സിന്‍ വിദഗ്ധര്‍ സാര്‍സ് രോഗത്തെ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച വാക്‌സിനില്‍ ഭേദഗതി വരുത്താനുള്ള ശ്രമങ്ങളിലാണ്.

Top