നേരിട്ടുള്ള ആക്രമണത്തെക്കാള്‍ ചൈനയുടെ ലക്ഷ്യം സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് സാന്നിധ്യത്തെ ആശങ്കയോടെ നോക്കിക്കണ്ട് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സേനയില്‍നിന്നു കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) നേരിട്ടുള്ള ആക്രമണത്തേക്കാള്‍ സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണത്തിനാകും ചൈന മുന്‍തൂക്കം നല്‍കുന്നതെന്ന് വിദഗ്ധര്‍ നേരത്തെ ചൂണ്ടികാട്ടിയിരുന്നു.

സ്വന്തം നിലയില്‍ നീങ്ങുന്നതിനു പുറമേ പാക്കിസ്ഥാനെ ഉപയോഗിച്ചും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ചൈന നാളുകളായി പയറ്റുന്ന തന്ത്രമാണ്. അപകടരമായ ചൈന-പാക്കിസ്ഥാന്‍ കൂട്ടുകെട്ട് സമുദ്രാതിര്‍ത്തിയിലേക്കും വ്യാപിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ മഹാസമുദ്രം, ദക്ഷിണ ചൈന കടല്‍ എന്നിവിടങ്ങളിലെ സമ്പൂര്‍ണാധിപത്യമാണ് ചൈന ആഗ്രഹിക്കുന്നത്.

ഇതിനായി തങ്ങളുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാന്റെ നാവിക ശക്തി വര്‍ധിപ്പിക്കാനുമുള്ള സഹായമാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ യുദ്ധക്കപ്പലുകളും ബോട്ടുകളും പാക്കിസ്ഥാന് നല്‍കാന്‍ ചൈന തീരുമാനിച്ചു. വാണിജ്യ സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടുപിടിക്കുക, സമുദ്രത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനൊപ്പം പാക്കിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്ക് അസ്വസ്ഥത സൃഷ്ടിക്കുക എന്ന ഇരട്ടത്തന്ത്രമാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ചൈനയുടേതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളുടെ 70 ശതമാനവും പാക്കിസ്ഥാനിലേക്കാണ്. പാക്ക് സേനയ്ക്കു ചൈന ആയുധങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങളിലുള്ള വാര്‍ത്തകളിലും ഇന്ത്യാവിരുദ്ധ വികാരം വ്യക്തമാണ്. ഇന്ത്യയ്‌ക്കെതിരായ സൈനിക നീക്കങ്ങളില്‍ ആയുധങ്ങള്‍ പാക്കിസ്ഥാനു മുതല്‍ക്കൂട്ടാകുമെന്ന വാചകം ഏതാനും വര്‍ഷങ്ങളായി ചൈനീസ് വാര്‍ത്തകളില്‍ പതിവാണെന്നും മുന്‍പില്ലാത്ത രീതിയാണിതെന്നും ചൈനയെ നിരീക്ഷിക്കുന്ന ഉന്നത സേനാവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നാവിക താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഢമാക്കുന്നതിനും 4 അത്യാധുനിക ഡ്രോണുകള്‍ പാക്കിസ്ഥാന് നല്‍കാന്‍ അടുത്തിടെ ചൈന തീരുമാനിച്ചിരുന്നു. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുടെ മറവില്‍ അയല്‍രാജ്യങ്ങളില്‍ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈന നടപ്പാക്കുന്നത്. സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ചൈന പാക്കിസ്ഥാനില്‍ വന്‍ നിക്ഷേപം നടത്തുന്നു.

അബാട്ടാബാദിനെയും ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയെയും ബന്ധിപ്പിച്ച് പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ കാരക്കോറം ഹൈവേ നിര്‍മാണമാണ് അവയില്‍ പ്രധാനം. പദ്ധതിയുടെ സുരക്ഷയ്‌ക്കെന്ന പേരില്‍ കാരക്കോറം പ്രദേശത്തു ചൈനയുടെ പതിനായിരത്തിലധികം സൈനികര്‍ എത്തിയിരുന്നു.

അറബിക്കടലിന്റെ വടക്കേയറ്റത്ത്, പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ചൈന നിര്‍മിച്ച ഗ്വാദര്‍ തുറമുഖവും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. വാണിജ്യ സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടു പിടിക്കുന്നതിന്റെ മുന്നോടിയായായാണ് ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചൈന ആദ്യ സൈനികത്താവളം നിര്‍മിച്ചത്.

ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വന്‍നിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കന്‍തീരത്തെ ഹമ്പന്തോഡയില്‍ 2010 ല്‍ ചൈന കൂറ്റന്‍ തുറമുഖം നിര്‍മിച്ചു. 2017 ല്‍ വന്‍നഷ്ടത്തിലായതിനെത്തുടര്‍ന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തനം ചൈനീസ് കമ്പനിക്കു 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കി.

ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ശ്രീലങ്കയിലും പാക്കിസ്ഥാനിലും മറ്റും തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ ഇന്ത്യയെ ചുറ്റിയൊരു കണ്ണ് വയ്ക്കാനാണ് ചൈനയുടെ ശ്രമം. ഇന്ത്യയെ ചുറ്റിയുള്ള കപ്പല്‍ച്ചാലുകളില്‍ ആധിപത്യം സ്ഥാപിക്കാനാണ് അവരുടെ നീക്കങ്ങള്‍.

Top