ഒരു സഹായവും നല്‍കിയില്ല; യുഎസിനെതിരെ രാഷ്ട്രീയ ആരോപണവുമായി ചൈന

ബെയ്ജിങ്: കൊറോണ വൈറസിനെ നേരിടാന്‍ ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന.

യു എസ് ആണ് വുഹാനില്‍നിന്ന് ആദ്യം നയതന്ത്ര പ്രതിനിധികളെയും എംബസി ജീവനക്കാരെയും തിരികെ വിളിച്ചതും ചൈനക്കാര്‍ക്കു യുഎസിലേക്കു പ്രവേശനം വിലക്കിയതുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹ്യു ചുനിങ് ആരോപിച്ചു. ലോകാരോഗ്യ സംഘടന യാത്രയും വ്യാപാരവും വിലക്കിയിട്ടില്ല. അപ്പോഴാണ്, യുഎസ് മറ്റു രാജ്യങ്ങളിലും ഭീതി പടര്‍ത്തുന്ന രീതിയില്‍ പെരുമാറുന്നത് അവര്‍ പറഞ്ഞു.

ചൈനയില്‍ നിന്നെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് യുഎസ്. ചൈനയില്‍ നിന്നു വരുന്ന യുഎസ് പൗരന്മാരെ 14 ദിവസം പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ച് രോഗമില്ല എന്ന് സ്ഥിരീകരിക്കുന്നു. ഇതിനിടെ, വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നു ചൈന സമ്മതിച്ചു.

ചൈനയുടെ ഭരണം നിയന്ത്രിക്കുന്ന പൊളിറ്റ്ബ്യൂറോ (പിബി) സ്ഥിരം സമിതിയാണ് ഇക്കാര്യത്തിലെ പാളിച്ചകളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി, സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയത്. അനധികൃത വന്യജീവി വ്യാപാരകേന്ദ്രങ്ങളും വില്‍പനയും തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും പിബി നിര്‍ദേശിച്ചു.

വുഹാനിലെ മത്സ്യമാംസ മാര്‍ക്കറ്റില്‍ നിന്നാണു രോഗം പടര്‍ന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. വൈറസ് ബാധ, രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുസ്ഥിരതയെ ബാധിക്കുന്നതാണെന്ന് പ്രസിഡന്റ് ഷി ചിന്‍പിങ് യോഗത്തില്‍ പറഞ്ഞു

കൊറോണ വൈറസ് സംബന്ധിച്ച വ്യാജവിവരങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നതു തടയാന്‍ ലോകാരോഗ്യ സംഘടന. www.who.int എന്ന ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പൊതുതെറ്റിദ്ധാരണകള്‍ക്കുള്ള മറുപടി ലഭ്യമാണ്.

Top