കോവിഡ് മരണസംഖ്യയില്‍ 50 ശതമാനം വര്‍ധന; പുതുക്കിയ കണക്ക് പുറത്തുവിട്ട്‌ ചൈന

ബെയ്ജിങ്: കൊറോണ എന്ന കൊലയാളി വൈറസിന്റെ പ്രഭവ കേന്ദ്രമായ വുവാനിലെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ തിരുത്തലുകളുമായി ചൈന. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന തിരുത്തല്‍ കണക്കുകള്‍ പ്രകാരം ആദ്യം ചൈന പുറത്തുവിട്ട മരണസംഖ്യയില്‍ 50ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്.

പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടിരിക്കുന്നത്.
ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ കണക്കുകളില്‍ സംശയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോള്‍ വര്‍ധിച്ച് 4636 ആയി. കൊറോണ വൈറസ് സ്ഥിരീകരിച്ചവര്‍ 83,428 ആയും വര്‍ധിച്ചിട്ടുണ്ട്.ചൈനയില്‍ 77,000 ത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് . നിലവില്‍ 116 കോവിഡ് രോഗികളാണ് ചൈനയിലുള്ളത്. 4636 മരണങ്ങളില്‍ 4512 എണ്ണം ഹ്യൂബി പ്രവിശ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഡിസംബറില്‍ മധ്യ ഹുബെ പ്രവിശ്യയില്‍ ഉയര്‍ന്നുവന്ന വൈറസ് ഇപ്പോള്‍ ആഗോളതലത്തില്‍ 2 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 140,000 ത്തിലധികം ആളുകളുടെ ജീവനും അപഹരിച്ച് കഴിഞ്ഞു.

Top