അസ്ഹറിനെ ആഗോള ഭീകരനാക്കാനുള്ള പ്രഖ്യാപനം ; ഇന്ത്യന്‍ ശ്രമം വിജയത്തിലേക്ക്

ന്യൂഡല്‍ഹി: പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം വിജയത്തിലേക്കെന്ന് സൂചന. ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നടത്തിയ നീക്കങ്ങള്‍ ചൈന ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇസ്ലാമിക് സ്റ്റേറ്റ് ആന്റ് അല്‍ക്വയ്ദ സാങ്ഷന്‍സ് കമ്മിറ്റി മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാളെ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മസൂദ് അസറിനെ ഭീകരനായി മുദ്ര കുത്തുന്നതിനെതിരെ ചൈന എടുത്ത നിലപാട് മാറ്റാന്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ചൈനയുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് സമ്മര്‍ദം ശക്തമായത്. തുടര്‍ന്നാണ് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍, ഇതിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു ചൈനയെടുത്ത നിലപാട്.

2001 ഒക്ടോബര്‍ മുതല്‍ മൂന്നു തവണ യു.എന്‍ രക്ഷാസമിതിയില്‍ ഈ ആവശ്യം ഉയര്‍ന്നുവെങ്കിലും ചൈന വീറ്റോ പ്രയോഗിക്കുകയായിരുന്നു.കഴിഞ്ഞ തവണയും രക്ഷാസമിതിയില്‍ ഈ ആവശ്യം വന്നുവെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അനുവദിച്ചിരുന്ന അവസാന ദിനം ചൈന കൂടുതല്‍ സാവകാശം തേടുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ യു.എസ് ദക്ഷിണ, മദ്ധ്യേഷ്യയുടെ ചുമതലയുള്ള അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ആലിസ് വെല്‍സ് അസറിനെതിരെ എത്രയും പെട്ടെന്ന് നടപടിക്ക് നീക്കം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്‌ക്വിതും അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Top