ഹൈഡ്രജൻ ഫ്യൂവൽ സെല്ലിൽ പ്രവർത്തിക്കുന്ന ട്രെയിനുമായി ചൈന

ചൈനയിലെ ട്രെയിൻ നിർമാതാക്കളായ സിആർആർസി കോർപറേഷന്റെ ഉപകമ്പനിയായ സിആർആർസി ഡറ്റോങ് ലിമിറ്റഡും സ്വയംഭരണാധികാരമുള്ള ഇന്നർ മംഗോളിയ മേഖലയിലെ വൈദ്യുതോൽപാദന സ്ഥാപനമായ സ്റ്റേറ്റ് പവർ ഇവെസ്റ്റ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും അവരുടെ കീഴിലുള്ള ഹൈഡ്രജൻ എനർജി കമ്പനി ലിമിറ്റഡും ചേർന്നു വികസിപ്പിച്ച ഹൈഡ്രജൻ ഫ്യൂവൽ സെല്ലിൽ പ്രവർത്തിക്കുന്ന ലോക്കോമോട്ടിവ് പരീക്ഷണ ഓട്ടം തുടങ്ങി.

ഈ വർഷം ആദ്യം ആണ് ഇത്തരമൊരു പദ്ധതിയെപ്പറ്റി വാർത്തകൾ വന്നു തുടങ്ങുന്നത്. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി തന്നെയാണ് ഇതു റിപ്പോർട്ട് ചെയ്തതും. 2021 വർഷം കഴിയും മുൻപു തന്നെ ലോക്കോയുടെ പരീക്ഷണ ഓട്ടം തുടങ്ങിയതു നൂതനസാങ്കേതിക വിദ്യകൾ വികസിപ്പിക്കാനും അതു ജനകീയമാക്കാനുമുള്ള ചൈനയുടെ താൽപര്യത്തെ കാണിക്കുന്നു.

നിലവിൽ ചരക്കുനീക്കത്തിനാണ് ഈ ലോക്കോ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ ആണ് ഇതിന്റെ പരമാവധി വേഗം. ഒരു തവണ ഇന്ധനം നിറച്ചാൽ 24 മണിക്കൂറും 50 മിനിറ്റും തുടർച്ചയായി പ്രവർത്തിക്കാൻ കഴിയും ഈ ലോക്കോമോട്ടിവിന്. 5000 ടൺ വരെ വലിച്ചുകൊണ്ടുപോകാനുള്ള ശേഷിയും ഇതിനുണ്ട്.

ഒരു വർഷം 96000 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ഈ ലോക്കോയ്ക്കു കഴിയുമെന്ന് സിആർആർസി ഡറ്റോങ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടിട്ടുണ്ട്. മുൻഭാഗത്തും പിൻഭാഗത്തും 4 വീതം വീലുകൾ ഉള്ള ബോ – ബോ ടൈപ്പ് വീൽ അറേഞ്ച്മെന്റ് ആണ് ഇതിന്. ഡീസൽ ലോക്കോയെക്കാൾ കുറഞ്ഞ ശബ്ദം ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. പ്രവർത്തനച്ചെലവും ഡീസൽ ലോക്കോയുടെ മൂന്നിലൊന്നു മാത്രമേ വരുന്നുള്ളു എന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

Top