2020ൽ ജിഡിപി വളർച്ച നേടിയ ലോകത്തെ വലിയ രാജ്യമായി ചൈന

ബീജിങ്: ചൈനയിലെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ജിഡിപി വളർച്ചാ കണക്ക് പ്രകാരം 2020ൽ സാമ്പത്തിക വളർച്ച നേടിയ ലോകത്തെ വലിയ രാജ്യം ചൈന മാത്രം. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 6.5 ശതമാനമാണ് ജിഡിപി വളർച്ച. ഇതോടെ 2020 കലണ്ടർ വർഷത്തിൽ ചൈന നേടിയ ജിഡിപി വളർച്ച 2.3 ശതമാനമായി. ജനുവരി-മാർച്ച് പാദത്തിൽ 6.8 ശതമാനമായിരുന്നു രാജ്യത്തെ ജിഡിപിയിൽ ഉണ്ടായ ഇടിവ്. അമേരിക്ക, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലന്റ്, യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെല്ലാം ജിഡിപി വളർച്ചയിൽ താഴേക്ക് പോയ വർഷമാണ് 2020.

2021 ലും ചൈനീസ് സമ്പദ് വ്യവസ്ഥ തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് വിവരം. ഇത് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക നിലയിലെ അകലം കുറയ്ക്കുകയും ചെയ്യും. 2019 ൽ ചൈനയുടെ ജിഡിപി 14.3 ട്രില്യൺ ഡോളറായിരുന്നു. അമേരിക്കയുടേത് 21.4 ട്രില്യൺ ഡോളറും. അമേരിക്കയുടെ വളർച്ചാ നിരക്കിനേക്കാൾ 5.9 ശതമാനം അധിക വളർച്ചയാണ് ചൈന 2020 ൽ നേടിയത്. 2021 ൽ 4.9 ശതമാനം അധിക വളർച്ച നേടുമെന്നാണ് കരുതുന്നത്.

Top