പാക്ക് അധിനിവേശ കശ്മീരിലൂടെ റോഡ് നിർമിക്കാൻ ചൈന: 60 ബില്യൻ ഡോളർ അനുവദിക്കും

ബെയ്ജിങ് : പാക്കിസ്ഥാനിലെ ബലുചിസ്ഥാനിലുള്ള ഗ്വാദർ തുറമുഖത്തെ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന വിവാദ ഇടനാഴി നടപ്പാക്കാനുള്ള നടപടികളുമായി ചൈനയും പാക്കിസ്ഥാനും മുന്നോട്ട്. പാക്ക് അധിനിവേശ കശ്മീരിലൂടെയുള്ള ഇടനാഴി നടപ്പാക്കുന്നതിനെ ഇന്ത്യ എതിർക്കുന്നതിനിടെയാണു പുതിയ നീക്കം.

ചൈന – പാക്കിസ്ഥാൻ ബന്ധത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിലാണു പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അറിയിച്ചത്. ചൈന – പാക്കിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സിപിഇസി) പദ്ധതിയുടെ ഭാഗമായി 60 ബില്യൻ ഡോളർ അനുവദിക്കുമെന്നും ഷി ചിൻപിങ് അറിയിച്ചു. ചൈനയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിക്കുവേണ്ടിയാണ് പ്രധാനമായും തുക അനുവദിക്കുന്നത്. പാക്ക് – ചൈന ബന്ധത്തിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദിൽ തിങ്കളാഴ്ച നടത്തിയ ആഘോഷവേളയിലാണ് ഷി ചിൻപിങ് തുക അനുവദിക്കുമെന്ന സന്ദേശം അറിയിച്ചത്.

ഉന്നത നിലവാരത്തിലാണ് പാക്കിസ്ഥാനും ചൈനയും ചേർന്നു പ്രവ‍ർത്തിക്കുന്നതെന്ന് ഷി ചിൻപിങ് പറഞ്ഞു. ബെൽറ്റ് ആൻഡ് റോഡ് കോഓപ്പറേഷൻ മാതൃകാപരമാണ്. 2013 മുതൽ പരസ്പര സഹകരണത്തോടെ നിരവധി നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു. വരും കാലഘട്ടത്തിൽ പാക്കിസ്ഥാനിലെയും ചൈനയിലെയും ജനങ്ങൾ തമ്മിൽ അടത്ത ബന്ധം പുലർത്തേണ്ടതുണ്ട്. രാജ്യാന്തര ഭൂപ്രകൃതി എങ്ങനെ മാറിയാലും ചൈന പാക്കിസ്ഥാനൊപ്പം ഉറച്ചുനിൽക്കും. സുരക്ഷയ്ക്കും വികസനത്തിനുമായി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്നും ഷി ചിൻപിങ് അറിയിച്ചു. ‌

ആഘോഷങ്ങളുടെ ഭാഗമായി ചൈനയുടെ വൈസ് പ്രീമിയർ ഹി ലൈഫെങ് മൂന്നു ദിവസം പാക്കിസ്ഥാൻ സന്ദർശനം നടത്തുന്നുണ്ട്.

Top