china warns of storm clouds gathering in us north korea standoff

സോള്‍: സായുധ വെല്ലുവിളി അവസാനിപ്പിച്ചില്ലെങ്കില്‍ അമേരിക്ക കടുത്ത തിരിച്ചടി നേരിടുമെന്ന് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. രാഷ്ട്രസ്ഥാപകന്‍ കിം സങ് രണ്ടാമന്റെ നൂറ്റിയഞ്ചാം ജന്മവാര്‍ഷിക ദിനത്തില്‍ പ്യോങ്യാങ്ങില്‍ നടന്ന സൈനിക പരേഡിനിടെയാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.

ഒട്ടും ദയയില്ലാതെ നടത്തുന്ന തിരിച്ചടി അമേരിക്കയെ മാത്രമല്ല, പിന്തുണ നല്‍കുന്ന രാജ്യങ്ങളെയും ബാക്കിവയ്ക്കില്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിസായ കെസിഎന്‍എന്‍ അറിയിച്ചു.

ഏകാധിപതി കിം ജോങ് ഉന്‍ സാക്ഷ്യം വഹിച്ച സൈനിക പരേഡില്‍ ബാലിസ്റ്റിക് മിസൈലുകളടക്കം അണിനിരന്നു. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ആദ്യമായാണ് ഉത്തര കൊറിയ പ്രദര്‍ശിപ്പിക്കുന്നത്. ടാങ്കുകളും മറ്റ് സൈനിക സന്നാഹങ്ങളും വിപുലമായി പരേഡില്‍ അണിനിരന്നു.

ഉത്തര കൊറിയ ആറാം അണുപരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഉത്തരകൊറിയ പ്യോങ്യാങ്ങില്‍ വന്‍ റാലി സംഘടിപ്പിച്ചത്.

ഇതുവരെ കാണാത്ത തരത്തിലുള്ള മിസൈലുകളും റാലിയില്‍ അവതരിപ്പിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കടലില്‍നിന്നു വിക്ഷേപിക്കാവുന്ന മിസൈലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം, ഉത്തര കൊറിയയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായക ദിനമായ ഇന്ന് അവര്‍ ആറാം അണുപരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണെങ്കിലും ഇതേക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല.

യുഎസിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് അണുപരീക്ഷണമെന്ന നിലപാടില്‍ ഉത്തര കൊറിയ ഉറച്ചുനില്‍ക്കുന്നതോടെ, യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. അണു പരീക്ഷണം നടത്തുമെന്ന നിലപാട് ഉത്തര കൊറിയ ആവര്‍ത്തിച്ചതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.

പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്തു ബന്ധപ്പെട്ടവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തര കൊറിയയുമായി സൗഹൃദത്തിലുള്ള ഏക രാജ്യമെന്ന നിലയില്‍ അവരെ അണുപരീക്ഷണത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ചൈന.

Top