സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് സംശയം വേണ്ട ; ഇന്ത്യക്ക് മുന്നറിയിപ്പുമായ് ചൈന

ബെയ്ജിങ് : ചൈനീസ് സൈന്യത്തിന്റെ കഴിവിനെക്കുറിച്ച് സംശയമൊന്നും വേണ്ടെന്ന മുന്നറിയിപ്പുമായി ചൈന.

അതിര്‍ത്തി സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്നും ചൈനീസ് സൈന്യത്തിനെക്കുറിച്ച് ആര്‍ക്കും മിഥ്യാധാരണവേണ്ടെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സിക്കിം അതിര്‍ത്തിയിലെ ദോക് ലാം വിഷയത്തില്‍ ഇന്ത്യ- ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവും ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ വു ഖിയാന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘ഒരു പര്‍വതത്തെ വിറപ്പിക്കാന്‍ എളുപ്പമാണ്. പക്ഷേ, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ വിറപ്പിക്കുക ബുദ്ധിമുട്ടാണ്’. ചൈനയുടെ അതിര്‍ത്തിയും പരമാധികാരവും നിരന്തരം ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ദോക് ലാം ചൈനയുടെ അതിര്‍ത്തിയാണ്, അവിടേക്കുള്ള ഇന്ത്യയുടെ കടന്നു കയറ്റം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും, ഇന്ത്യ തെറ്റ് തിരുത്താനുള്ള പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും അതിര്‍ത്തിയില്‍ സമാധാനം പുന;സ്ഥാപിക്കാന്‍ പ്രകോപനപരമായ തീരുമാനങ്ങള്‍ ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

സിക്കിം മേഖലയില്‍ ദോക് ലാമില്‍ ഒരു മാസമായി ഇന്ത്യ ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുകയാണ്. ദോക് ലാമില്‍ ചൈനയുടെ നിര്‍മാണപ്രവൃത്തികള്‍ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ചൈന അതിക്രമിച്ച് ഇന്ത്യയുടെ മേഖലയിലേക്ക് കടന്നുവെന്നാണ് ആരോപണം. എന്നാല്‍, ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തിയില്‍ പ്രവേശിച്ചത് എന്നാണ് ചൈനയുടെ ആരോപണം.

ഏതാണ്ട് 3,500 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യ ചൈന അതിര്‍ത്തി. ഇതില്‍ ഭൂരിഭാഗവും തര്‍ക്ക പ്രദേശമാണ്.

Top