ചൈനയില്‍ അജ്ഞാത വൈറസ്; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന

ന്യൂഡല്‍ഹി: ചൈനയില്‍ അജ്ഞാത വൈറസ് ബാധയെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി.

ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി.ചൈനയില്‍നിന്ന് വരുന്ന വിമാനങ്ങളില്‍ പരിശോധന സംബന്ധിച്ച അനൗണ്‍സ്മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു ഇന്ത്യക്കാരിയില്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.വെറസ് ബാധയെ തുടര്‍ന്ന് മൂന്ന് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍.

വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.

അതേസമയം ചൈനയിലെ അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ആ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ ഇന്ത്യ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കിയിരുന്നു. ഫാമുകള്‍, മൃഗ ചന്തകള്‍, കശാപ്പുശാലകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകംചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

സുഖമില്ലാത്തവരെ സന്ദര്‍ശിക്കുകയും അവരുമായി അടുത്തിടപഴകുകയുമരുത്. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരുമായി പ്രത്യേകിച്ചും. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവര്‍ എപ്പോഴും മുഖംമൂടി ധരിക്കണം. വൃത്തിയില്‍ ശ്രദ്ധിക്കുക, കൈ ഇടയ്ക്കിടെ സോപ്പിട്ടുകഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖംമറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Top