പടിയിറങ്ങുന്ന 28 യുഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനയുടെ ഉപരോധം

ബീജിംഗ്: വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയ ഡൊണാള്‍ഡ് ട്രംപിനെതിരെ ചൈന പണി തുടങ്ങി. വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലെ 28 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ നീക്കം.

ചൈനയുടെ അധികാരം ചോദ്യം ചെയ്യുകയും ചൈനീസ് വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുകയും ചെയ്തതാണ് ഉപരോധം പ്രഖ്യാപിക്കാന്‍ കാരണം. ചൈനീസ് സര്‍ക്കാരിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്ന പോംപിയോക്കെതിരായ ചൈനയുടെ അമര്‍ഷമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. സിന്‍ജിങായില്‍ ഉയ്ഗൂര്‍ മുസ്ലിങ്ങളെ ചൈന വംശഹത്യ നടത്തുന്നു എന്ന് പോംപിയോ ആരോപിച്ചിരുന്നു. പദവി ഒഴിവുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ആരോപണം. ഇക്കാര്യം ചൈന നിഷേധിക്കുകയും ചെയ്തു.

ചൈനീസ് താല്‍പ്പര്യങ്ങള്‍ ചോദ്യം ചെയ്തും ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ ആസൂത്രിതമായ പ്രവര്‍ത്തനം നടത്തിയും അമേരിക്കയിലെ ചില രാഷ്ട്രീയ നേതാക്കള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു എന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഉപരോധം പ്രഖ്യാപിക്കപ്പെട്ട 28 പേര്‍ക്കും ഇനി ചൈനയിലോ ഹോങ്കോങിലോ മക്കാവു ദ്വീപിലോ പ്രവേശിക്കാന്‍ സാധിക്കില്ല. ഇവരുമായി ബന്ധമുള്ള കമ്പനികളുടെ പ്രവര്‍ത്തനവും ഇവിടെ നടക്കില്ല. ചൈനയുമായുള്ള ഒരിടപാടും 28 പേര്‍ക്കും നടത്താന്‍ സാധിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Top