റോഹിങ്ക്യൻ പ്രതിസന്ധി ; മ്യാൻമറും,ബംഗ്ലാദേശും സമാധാനപരമായ നടപടി സ്വീകരിക്കണമെന്ന് ചൈന

ധാക്ക :റോഹിങ്ക്യൻ അഭയാർത്ഥി പ്രതിസന്ധിയിൽ മ്യാൻമറും,ബംഗ്ലാദേശും ഉഭയകക്ഷി ചർച്ചയിലൂടെ ഉടൻ പരിഹാരം കണ്ടെത്തണമെന്ന് ചൈന.

അന്താരാഷ്ട്ര തലത്തിൽ ലോക രാജ്യങ്ങൾ റോഹിങ്ക്യൻ വിഷയത്തിൽ പരിഹാരം ആഗ്രഹിക്കുന്നുവെന്നും അതിനാൽ മ്യാൻമറും , ബംഗ്ലാദേശും പുതിയ നടപടികൾ സ്വീകരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടു.

ധാക്കയിലെ ചൈനീസ് എംബസിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി.

സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ബംഗ്ലാദേശ്-മ്യാൻമർ ഉഭയകക്ഷി സഹകരണത്തിന് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ സഹായം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര സമൂഹം സ്ഥിതിഗതികൾ സങ്കീർണമാക്കുവാൻ പാടില്ലയെന്നും പ്രശ്ന പരിഹാരത്തിനായി ഒരുമിച്ച് നിൽക്കണമെന്നും വാങ് യി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ബംഗ്ലാദേശിൽ എത്തിയിട്ടുണ്ട്. സന്ദർശനത്തിന് ശേഷം ഏഷ്യ-യൂറോപ്പ് മീറ്റിങ്ങിൽ (ASEM) പങ്കെടുക്കാൻ മ്യാൻമറിൽ എത്തും.

ബംഗ്ലാദേശും മ്യാൻമറും തമ്മിലുള്ള റോഹിങ്ക്യൻ പ്രതിസന്ധിയിൽ പരിഹാരം കാണുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ചൈന പൂർണ പിന്തുണ നൽകുന്നുണ്ട്.

മ്യാൻമർ സൈന്യം നടത്തുന്ന വംശീയ ശുദ്ധീകരണത്തിന്റെ ഇരകളാണ് റോഹിങ്ക്യൻ അഭയാർത്ഥികൾ.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറ്റം ചെയ്തതായി ബുദ്ധമത ജനങ്ങൾ കരുതിപ്പോരുന്ന റോഹിങ്ക്യ കുടുംബങ്ങൾ തലമുറകളായി മ്യാൻമറിൽ ജീവിച്ചിരുന്നവരാണ്.

റോഹിങ്ക്യൻ അഭയാർത്ഥികളെ സ്വദേശത്തേക്കു തിരിച്ചയയ്‌ക്കുന്നതിൽ ബംഗ്ലാദേശ് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് മ്യാൻമാർ ആരോപിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തിൽ നിന്ന് മൾട്ടി മില്യൺ ഡോളർ സഹായം ബംഗ്ലാദേശിൽ എത്തുന്നത് വരെ തിരിച്ചയക്കൽ നടപടി വലിച്ചിഴയ്ക്കുമെന്നും മ്യാന്മർ ഉന്നയിച്ചു.

എന്നാൽ ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും , റോഹിങ്ക്യൻ ജനതയ്ക്ക് പൂർണ്ണ സുരക്ഷിതത്വം മ്യാൻമാർ നൽകണമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുൾ ഹസ്സൻ മഹ്മൂദ് അലി അറിയിച്ചു.

സൈന്യത്തിന്റെ ആക്രമണത്തിൽ ഭയന്ന് അഭയം തേടിയ റോഹിങ്ക്യൻ ജനത മ്യാൻമറിൽ എത്തുമ്പോൾ അവർക്ക് നഷ്ട്ടമായ വീടും , അവരുടെ ജീവിതവും തിരികെ നൽകാമെന്ന് ഉറപ്പ് നൽകണമെന്നും, അഭയാർഥികളായി അവരെ കാണരുതെന്നും പകരം മ്യാൻമർ ജനതയായി സ്വീകരിക്കണമെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.

റിപ്പോർട്ട് : രേഷ്മ പി.എം

Top