ലോകത്തിന് കൊറോണ വൈറസ് ‘യുദ്ധം’; ചൈനയ്ക്ക് പ്രതിച്ഛായ നന്നാക്കല്‍!

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസിന് എതിരായി യുദ്ധം നയിക്കുന്ന ഘട്ടത്തില്‍ ചൈനയിലെ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പകര്‍ച്ചവ്യാധിയെ തങ്ങളുടെ പ്രതിച്ഛായ മെചപ്പെടുത്താനുള്ള വഴിയാക്കി മാറ്റുന്നു. തങ്ങളുടെ നേതാവ് വൈറസിന് എതിരായ പോരാട്ടത്തെ നയിക്കുന്നുവെന്നും, രോഗത്തിന് എതിരായ ജനകീയ യുദ്ധത്തില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ പടയ്ക്ക് നേതൃത്വം നല്‍കുന്നുവെന്നുമാണ് ചൈന പ്രചരിപ്പിക്കുന്നത്.

പ്രസിഡന്റ് സീ ജിന്‍പിംഗ് പകര്‍ച്ചവ്യാധി സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും, വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതുമായ നടപടികളാണ് ദേശീയ ടെലിവിഷന്‍ പതിവായി കാണിക്കുന്നത്. ഡോക്ടര്‍മാരും, നഴ്‌സുമാരും മുന്‍നിരയില്‍ നിന്ന് നയിക്കുന്നത് ജനങ്ങള്‍ക്കും, പാര്‍ട്ടിക്കും വേണ്ടിയുള്ള ത്യാഗമെന്നാണ് ഇവരുടെ വിശേഷണം. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൊവിഡ് 19 ഒരേസമയം അപകടവും, അവസരവുമാണ്.

പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ടത്തില്‍ പ്രതികരണം വൈകിയത് മൂലം വൈറസ് ശക്തിയാര്‍ജ്ജിക്കാന്‍ അവസരം നല്‍കിയെന്ന കുറ്റാരോപണം ഒഴിവാക്കി, വൈറസിനെ മറികടക്കാന്‍ സാധിച്ചെന്നതിന് ക്രെഡിറ്റ് നല്‍കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി നിയന്ത്രിതമായ ദേശീയ മാധ്യമങ്ങളും, ഇന്റര്‍നെറ്റും, പ്രചരണങ്ങളും സജീവമായി വിനിയോഗിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ വീഴ്ചകള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം. ദിവസങ്ങള്‍ കൊണ്ട് പുതിയ ആശുപത്രികള്‍ നിര്‍മ്മിച്ച വാര്‍ത്തകള്‍ക്ക് പരസ്യം നല്‍കിയപ്പോള്‍ രോഗം ബാധിച്ച് കിടക്ക കിട്ടാത്തവരെ കുറിച്ചുള്ള വാര്‍ത്ത മുക്കുകയും ചെയ്തു.

200203 വര്‍ഷത്തില്‍ സാര്‍സ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രതിരോധ നടപടികളുടെ ഭാഗമായി അനധികൃത മാംസ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കാന്‍ കഴിയാതെ പോയതും ചോദ്യമായി ഉയരുന്നു. എന്നാല്‍ സര്‍ക്കാര്‍ പറയുന്ന വാര്‍ത്തയ്ക്ക് എതിരായി ഒരു കമന്റ് ചെയ്താല്‍ പോലും അത് നീക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമാണ്. അതുകൊണ്ട് ഭരണകൂടം പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കേണ്ട അവസ്ഥയിലാണ് ചൈനക്കാര്‍.

Top