കൊറോണാവൈറസ് ‘ഇറക്കുമതി’ വേണ്ട; പകര്‍ച്ചവ്യാധിയുടെ ആ വഴി തടയാന്‍ ചൈന

കാര്യം സ്വന്തം രാജ്യത്ത് നിന്ന് പുറത്ത് പോയ സംഗതിയാണ്, എന്നുകരുതി അത് തിരികെ സ്വീകരിക്കാന്‍ തയ്യാറാകുന്ന സമ്മാനമല്ലെന്ന മട്ടിലാണ് ചൈനയുടെ നിലപാട്. പറഞ്ഞുവരുന്നത് കൊറോണാവൈറസ് തടയാനുള്ള അവരുടെ പുതിയ നടപടിയെക്കുറിച്ചാണ്. അവരുടെ രാജ്യത്ത് പകര്‍ച്ചവ്യാധിയുടെ വേഗത കുറയുമ്പോള്‍ മറുഭാഗത്ത് പല രാജ്യങ്ങളും വൈറസിന്റെ പിടിയില്‍ അമരുകയാണ്.

ഈ അവസരത്തില്‍ വൈറസ് തിമിര്‍ത്താടുന്ന രാജ്യങ്ങളില്‍ നിന്നും രോഗം തിരികെ എത്തുന്നത് തടയാനാണ് ചൈന നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച വൈറസ് ഇപ്പോള്‍ ലോകത്തില്‍ 75ലേറെ രാജ്യങ്ങളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ചൈനയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് മറ്റ് രാജ്യങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ കേസുകളുടെ എണ്ണം കുറയുമ്പോഴും ചൈനീസ് അധികൃതര്‍ ജാഗ്രത കുറയ്ക്കുന്നില്ല. കഴിഞ്ഞ ആഴ്ച മുതല്‍ കേസുകള്‍ ഇറക്കുമതി ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇത്. വിദേശരാജ്യങ്ങളില്‍ നിന്നും എത്തിയ ആളുകള്‍ക്ക് ബീജിംഗ്, ഷാന്‍കായി, ഗുവാംഗ്‌ഡോംഗ് തുടങ്ങിയ നഗരങ്ങളിലും പ്രവിശ്യകളിലും 14 ദിവസത്തെ ക്വാറന്റൈന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധി കടുത്ത രീതിയില്‍ പടരുന്ന ഇറ്റലി, ഇറാന്‍, സൗത്ത് കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് കൂടുതല്‍ കടുന്ന വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയെ തടയാനുള്ള ചൈനയുടെ ശ്രമങ്ങളും, ഇതിന് ചൈനീസ് ജനത നല്‍കിയ ത്യാഗവും ദേശീയ വികാരം ഉയര്‍ത്താനുള്ള വഴിയാക്കി ഭരണകൂടം ഉപയോഗിക്കുന്നതിന് ഇടയിലാണ് ഇറക്കുമതി കേസുകള്‍ തടയാന്‍ അവര്‍ തുനിഞ്ഞിറങ്ങുന്നത്.

Top