ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അയവ് വരുത്താന്‍ അമേരിക്ക

വാഷിംങ്ങ്ടണ്‍ : ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ അയവ് വരുത്തി അമേരിക്ക. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ്‌ലീയുമായി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരില്‍ വെച്ചാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനീസ് സ്‌റ്റേറ്റ് കൗണ്‍സിലര്‍ വാങ് യീയുമായി കൂടിക്കാഴ്ച നടത്തിയത്.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പുനഃപരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യാപാര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ആരംഭിച്ച ചൈന – അമേരിക്ക വ്യാപാര യുദ്ധം ഓഹരി വിപണികളില്‍ കനത്ത നാശങ്ങള്‍ വരുത്തിവെച്ചിരുന്നു.

അമേരിക്കയുടെ 545 ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയായിരുന്നു ചൈന അമേരിക്കയോട് തിരിച്ചടിച്ചിരുന്നത്. വ്യാപാര യുദ്ധം ഇരു രാജ്യങ്ങള്‍ക്കും നഷ്ടമേ ഉണ്ടാക്കൂ എന്ന് ലോകബാങ്കും ഐഎംഎഫും അഭിപ്രായപ്പെടുകയും ചെയ്തു. അമേരിക്കയിലെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് തന്നെ വ്യാപാരയുദ്ധം തിരിച്ചടിയായ സാഹചര്യത്തിലാണ് ട്രംപിന്റെ പിന്മാറ്റമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

ട്രംപിന്റെ നടപടി രാജ്യത്തെ സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വ്യവസായ രംഗത്തുള്ളവര്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തിന് ശേഷം ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്കാണ് ഇത് നയിച്ചത്. ഇതിന് പിന്നാലെയാണ് 15 ശതമാനം കൂട്ടി 25 ശതമാനം ആക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്.

Top