ശതകോടി റിയാല്‍ മുതല്‍ മുടക്കില്‍ സൗദിയില്‍ ഉപഗ്രഹ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ ചൈന

ജിദ്ദ: ബഹിരാകാശ ഗവേഷണത്തിനുള്ള ഉപകരണങ്ങളും, ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതിനുള്ള ഫാക്ടറി സൗദി അറേബ്യയില്‍ സ്ഥാപിക്കുന്നു. ശതകോടി റിയാല്‍ മുതല്‍ മുടക്കിലാണ് പദ്ധതി. ബഹിരാകാശ വ്യവസായത്തിലെ മുന്‍നിര ചൈനീസ് കമ്പനിയായ ‘എസ്‌പേസു’മായാണ് സൗദി അറേബ്യ കരാര്‍ ഒപ്പിട്ടത്. സൗദിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം എസ്‌പേസിന് പ്രയോജനപ്പെടും.

ഗവേഷണം മുതല്‍ വികസനം, ഉപകരണങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നിര്‍മാണം വരെയുള്ള എല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. വരും ഘട്ടങ്ങളില്‍ കമ്പനിയുടെ നിക്ഷേപ തുക ഇനിയും വര്‍ധിക്കും. ബഹിരാകാശ വിപണിയുടെ 70 ശതമാനം പ്രതിനിധീകരിക്കുന്ന നൂതന ഉപഗ്രഹങ്ങളില്‍ നിക്ഷേപിച്ച് മേഖലയിലെ ബഹിരാകാശ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലാണിത്. ബഹിരാകാശ സാങ്കേതിക വിദ്യകളില്‍ രാജ്യത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനൊപ്പം അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാനും ഇതിലൂടെ കഴിയും.

നൂതന ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിലുള്ള രാജ്യത്തിന്റെ ശേഷിയും ഇതിനോടൊപ്പം വര്‍ധിപ്പിക്കും. ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്ന ബഹിരാകാശ സാങ്കേതികവിദ്യകളും നിക്ഷേപങ്ങളും ആകര്‍ഷിക്കുന്നതിനുള്ള ഒരു പ്രാദേശിക പ്ലാറ്റ്ഫോം എന്ന നിലയില്‍ സൗദിയുടെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും അതിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ നിക്ഷേപമെന്ന് സൗദി ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ജി. അബ്ദുല്ല ബിന്‍ അമര്‍ അല്‍സവാഹ പറഞ്ഞു.

ബഹിരാകാശ രംഗത്ത് ഭരണകൂടത്തിന്റെ പിന്തുണയോടെ രാജ്യം നടപ്പാക്കുന്ന പദ്ധതികള്‍ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനും, വൈവിധ്യവത്കരിക്കുന്നതിനും നൂതന ബഹിരാകാശ സാങ്കേതികവിദ്യകളില്‍ ദേശീയ ശേഷി വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഗ്രഹ മേഖലയില്‍ ആദ്യ നിക്ഷേപ ലൈസന്‍സ് നേടിയ എസ്‌പേസ് ആണ് ഈ മേഖലയിലെ നിക്ഷേപത്തിന്റെ ആദ്യ ന്യൂക്ലിയസെന്ന് സൗദി നിക്ഷേപ മന്ത്രി എന്‍ജി. ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. പ്രത്യേകിച്ചും ഇത് ഭാവി മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്നതിനാല്‍ ആഗോള അവസരങ്ങള്‍ ഉള്‍പ്പെടുന്നു. ഈ നടപടി നിരവധി കമ്പനികള്‍ക്ക് രാജ്യത്ത് നിക്ഷേപം നടത്താനുള്ള വാതില്‍ തുറക്കുമെന്നതില്‍ സംശയമില്ല. എല്ലാ തലങ്ങളിലും അസാധാരണമായ ഒരു നവോത്ഥാനത്തിന് ഇത് സാക്ഷ്യം വഹിക്കും. ബഹിരാകാശ ഉപഗ്രഹ രംഗം അഭൂതപൂര്‍വമായ വികസനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത് രാജ്യത്തിന്റെ ആഗോള മത്സരക്ഷമത വര്‍ധിപ്പിക്കുമെന്നും നിക്ഷേപ മന്ത്രി പറഞ്ഞു.

Top