കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ ചൈന; രേഖകള്‍ ലഭിച്ചെന്ന് യുഎസ്

വാഷിങ്ടന്‍: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചുകുലുക്കുകയാണ്. എന്നാല്‍ ആദ്യം വൈറസ് സ്ഥിരീകരിച്ച ചൈന ഏതാണ്ട് കോവിഡ് ഭീതിയില്‍ നിന്ന് കരകയറിയ മട്ടാണ്. കോവിഡ് വ്യാപനത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് ഇപ്പോഴും ദുരൂഹതകള്‍ തുടരുന്നു.

ജൈവായുധമെന്ന നിലയില്‍ കൊറോണ വൈറസിനെ ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഉദ്ധരിച്ച് ‘ദി ഓസ്‌ട്രേലിയന്‍’ ആണ് പുറത്തുവിട്ടത്.

‘ദി അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍-മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പണ്‍സ്’ എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്. 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതു വ്യക്തമാക്കുന്നു.

സാര്‍സ്, കൊറോണ വൈറസുകളെ ‘ജൈവായുധങ്ങളുടെ പുതിയ യുഗം’ ആയിട്ടാണ് പ്രബന്ധത്തില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യനിര്‍മിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.

സാര്‍സ് കോവ്-2 എന്ന വൈറസാണ് ഇപ്പോള്‍ പടരുന്ന കോവിഡ് മഹാമാരിക്കു കാരണം. 2019ന്റെ അവസാനത്തില്‍ കോവിഡ് ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ലാബില്‍ നിന്നാണെന്ന് പ്രചാരണമുണ്ടായിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ഇക്കാര്യത്തില്‍ ആരോപണമുയര്‍ത്തിയെങ്കിലും ചൈന നിഷേധിച്ചു.

ഫെബ്രുവരിയില്‍, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സംഘം വുഹാനിലെ ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. മികച്ച വൈറസ് ഗവേഷണ ലാബുകളിലൊന്നായ ഇന്‍സ്റ്റിറ്റ്യൂട്ട് 2003 ല്‍ സാര്‍സ് പൊട്ടിപ്പുറപ്പെട്ട ശേഷമാണ് സ്ഥാപിച്ചത്. ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച സമുദ്രവിഭവങ്ങളിലൂടെയാണ് കൊറോണ വൈറസ് രാജ്യത്ത് എത്തിയതെന്നാണു ചൈനയുടെ വാദം.

 

Top