ബഹിരാകാശ യാത്രകള്‍ ലക്ഷ്യമിട്ട് ചൈന; വന്‍ പദ്ധതികളൊരുങ്ങുന്നു

ബെയ്‌ജിങ്‌ : ബഹിരാകാശ യാത്രകൾ ലക്ഷ്യമിട്ടുകൊണ്ടുള്ള ചൈനയുടെ വൻ പദ്ധതികൾ ഒരുങ്ങുന്നു. 2045-ഓടെ പ്രതിവര്‍ഷം ബഹിരാകാശ യാത്രകള്‍ നടത്താനും യാത്രക്കാരേയും പതിനായിരക്കണക്കിന് ടണ്‍ ചരക്കുകളേയും വഹിക്കുവാനും ലക്ഷ്യമിട്ടുള്ള വന്‍ ബഹിരാകാശ പദ്ധതിക്കാണ് ചൈന തയ്യാറെടുക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ബഹിരാകാശ രംഗത്ത് അമേരിക്കയുമായും റഷ്യയുമായും മത്സരിക്കാനാവും വിധം വളരാനാണ് ചൈന ലക്ഷ്യമിടുന്നത്.

ചൈന പദ്ധതിയിട്ടിരിക്കുന്ന സ്‌പേസ് ഫ്‌ളൈറ്റ് സിസ്റ്റം വാണിജ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തമാണെന്ന് ചൈന എയറോസ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഉന്നത ഉദ്യോഗസ്ഥൻ ബാവോ വെയ്‌മിന് പറഞ്ഞു. കൂടാതെ 2025-ഓടെ ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും പരീക്ഷണത്തിനാവശ്യമായ സംവിധാനം നിർമ്മിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോംഗ് മാര്‍ച്ച് 8, 9 തുടങ്ങിയ പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈന. ഈ മാസം പുനരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. അടുത്ത കാലത്തായി ബഹിരാകാശ യാത്രകള്‍ കൂടുതല്‍ ലാഭകരമാക്കാന്‍ ചൈന ചില നടപടികളും സ്വീകരിച്ചിരുന്നു.

Top