സൈ്വന്‍ ഫ്‌ലൂ വൈറസ് പുതിയതല്ലെന്ന് ചൈന; എളുപ്പം മനുഷ്യരിലേക്ക് പടരില്ല

ബെയ്ജിങ്: ‘ജി 4’ ശ്രേണിയില്‍പെട്ട സൈ്വന്‍ ഫ്‌ലൂ വൈറസ് പുതിയതല്ലെന്ന് ചൈനീസ് സര്‍ക്കാര്‍. വൈറസ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളെയും ചൈന തള്ളി. ചൈനയിലാണ് സൈ്വന്‍ ഫ്‌ലൂ വൈറസ് ആദ്യമായി കണ്ടെത്തിയത്. ചൈനീസ് ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒരു യുഎസ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ജി 4 എന്നു വിളിക്കുന്ന പുതിയ സൈ്വന്‍ ഫ്‌ലൂ വൈറസ് വളരെ വേഗം മനുഷ്യരിലേക്കു പടരുമെന്നും മഹാമാരിയാകാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍.

പഠന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചതാണെന്നും ചൈനീസ് മന്ത്രാലയം ആരോപിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് ആവശ്യമായത്രയും തെളിവുകളില്ലെന്നും ചൈന വ്യക്തമാക്കി. പൊതുജനാരോഗ്യ കാര്യത്തിലും പന്നി വ്യവസായത്തിലും ജി 4 വൈറസ് എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ സെമിനാറുകള്‍ സംഘടിപ്പിച്ച ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ ചൈന എത്തിയത്.

മൃഗഡോക്ടര്‍മാര്‍, ആന്റി വൈറസ് വിദഗ്ധര്‍, പ്രൊസീഡിങ്‌സ് ഒഫ് ദ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിലെ എഴുത്തുകാര്‍ തുടങ്ങിയവരാണ് ഇതില്‍ പങ്കെടുത്തത്. ജി 4 വൈറസുമായി ബന്ധപ്പെട്ട പഠനം തയാറാക്കിയവര്‍ തന്നെ വൈറസ് മനുഷ്യശരീരത്തിലേക്ക് എളുപ്പത്തില്‍ പടരില്ലെന്നും രോഗമുണ്ടാക്കില്ലെന്നും സ്ഥിരീകരിച്ചതായും ചൈന അവകാശപ്പെട്ടു. ചൈന കാര്‍ഷിക സര്‍വകലാശാലയിലെ സൈ്വന്‍ വൈറല്‍ ഡിസീസ് ശാസ്ത്രജ്ഞന്‍ യാങ് ഹാന്‍ചുനാണ് ചൈനീസ് മന്ത്രാലയത്തിനായി പ്രസ്താവന തയാറാക്കിയത്.

Top