ചൈന സമ്മര്‍ദ്ദത്തില്‍, ഇന്ത്യയെ പ്രശംസിച്ചു, സമവായത്തിന് തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍

ബെയ്ജിങ്: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ സൈനികമായി തന്നെ ഇന്ത്യയ്ക്കുള്ള പിന്തുണ വര്‍ദ്ധിച്ചതോടെ രണ്ടടി പിന്നോട്ട് വച്ച് ചൈന.

ദോക് ലാമില്‍ നിന്നും പിന്‍മാറണമെന്ന് ഇന്ത്യന്‍ സൈന്യത്തിന് അന്ത്യശാസനം നല്‍കിയ ചൈന നിലപാട് മയപ്പെടുത്തിയതായാണ് പുറത്ത് വരുന്ന വിവരം

ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് മുന്നോടിയായാണ് ചൈനയുടെ ഈ ‘മയപ്പെടുത്തല്‍ നയം’.

മറ്റ് ഔദ്യോഗിക സമ്മേളനങ്ങള്‍ക്കു ശേഷം അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ദോവല്‍ ചൈനീസ് ഭരണകൂടത്തിന്റെ ഉപദേഷ്ടാവായ യാങ് ജെയ് ചി യുമായി കൂടിക്കാഴ്ച്ച നടത്തും.

ചൈനീസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഒരുക്കുന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദോവല്‍ പങ്കെടുക്കുമ്പോള്‍ ദോക് ലാം പ്രശ്‌നങ്ങള്‍ അവിടെ ചര്‍ച്ചയാവുമെന്നതും ഏറ്റവും കരുത്തുറ്റ, ശ്രദ്ധേയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് അത് കാരണമാകുമെന്നും നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ദോവലിന്റെ ചൈനാ സന്ദര്‍ശനം എന്തുകൊണ്ടും നിര്‍ണായകമാണെന്നും ഇന്ത്യ ചൈന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അത് സഹായകരമാണെന്നും വിഷയത്തെ ഗൗരവത്തോടെ വീക്ഷിക്കുന്ന പ്രതിരോധ വിദഗ്ദ്ധന്‍ മാ ജിയാലി അഭിപ്രായപ്പെട്ടിരുന്നു.

അതിര്‍ത്തിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ ലഘൂകരിക്കുന്നതിന് ഇത് ഇടയാക്കുമെന്നും സൈന്യത്തെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഇരുകൂട്ടരും നടത്തിയേക്കുമെന്നും പ്രശ്‌നത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളെയും അത് മോശമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ റിപ്പോര്‍ട്ടുകള്‍ ചൈനയുടെ മയപ്പെടുത്തല്‍ നയതന്ത്രമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകതയും ചൈനീസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്.

ചൈനീസ് വ്യാപാരത്തിന്റെ ഒരു പ്രധാന വിപണിയാണ് ഇന്ത്യ എന്നുള്ളതു കൊണ്ടും ആഗസ്റ്റ് 1 ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അതിന്റെ 90ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയുമാണ് മുഖം രക്ഷിക്കാനായി ചൈന ‘സമവായത്തിനായി ഒരുങ്ങുന്നത്.

ഇരു രാജ്യങ്ങളും ഒരു പ്രത്യേക ഫോര്‍മുലയില്‍ മുന്നോട്ട് പോകുമെങ്കില്‍ ഒത്തുതീര്‍പ്പിന് ചൈന തയ്യാറാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Top