ജീവനക്കാരെ വെട്ടികുറച്ചു ഷവോമി

ബിയജിംഗ്: ചൈനയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിലൊരാളായ ഷവോമി കോർപ്പറേഷൻ വൻതോതിൽ പിരിച്ചുവിടൽ ആരംഭിച്ചുവെന്ന് റിപ്പോർട്ട്. അതിന്റെ തൊഴിലാളികളുടെ 15 ശതമാനം വരെ ജീവനക്കാരെയാണ് വെട്ടിക്കുറച്ചത് എന്നാണ് വിവരം. സോഷ്യൽ മീഡിയ പോസ്റ്റുകളും ചൈനീസ് മാധ്യമങ്ങളെയും ഉദ്ധരിച്ച് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്

വെയിബോ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പോസ്റ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. കമ്പനിയുടെ സ്മാർട്ട്‌ഫോൺ, ഇന്റർനെറ്റ് സേവന ബിസിനസിന്റെ നിരവധി യൂണിറ്റുകളിലാണ് പിരിച്ചുവിടലുകൾ നടന്നത് എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.

2022 സെപ്തംബർ 30 വരെ ഷവോമിയിൽ 35,314 സ്റ്റാഫുകളുണ്ടെന്ന് പത്രം റിപ്പോർട്ട് ചെയ്തു. അവരിൽ ഭൂരിഭാഗവും ചൈനക്കാർ തന്നെയാണ്. പിരിച്ചുവിടൽ വാർത്ത ഷവോമി ഇതുവരെ സ്ഥിരീകരിച്ചില്ലെങ്കിലും. ഇത് ശരിയാണെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കും. പിരിച്ചുവിട്ടവരിൽ പലരും കഴിഞ്ഞ വർഷം കമ്പനിയിൽ ചേർന്നവരാണ് എന്നാണ് വിവരം.

റിപ്പോർട്ട് ചെയ്യപ്പെട്ട പിരിച്ചുവിടലിനെക്കുറിച്ച് ഷവോമി വക്താവ് നേരിട്ട് അഭിപ്രായം പറഞ്ഞില്ലെങ്കിലും കമ്പനി അതിൻറെ കാര്യക്ഷമത വർദ്ധിപ്പിക്കാനാവശ്യമായ ചില അഴിച്ചുപണികളിലാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ഷവോമി അടുത്തിടെ പതിവ് പേഴ്‌സണൽ ഒപ്റ്റിമൈസേഷനും ഓർഗനൈസേഷണൽ സ്ട്രീംലൈനിംഗും നടപ്പിലാക്കി, ആകെ തൊഴിലാളികളുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ഇത്തരം നടപടികളിൽ പെടുന്നത്” ഒരു ഷവോമി വക്താവ് അൽ ജസീറയോട് പറഞ്ഞു. “ബാധിതർക്ക് പ്രാദേശിക ചട്ടങ്ങൾ പാലിച്ച് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്.” – ഇദ്ദേഹം തുടരുന്നു.

ഹൈ എൻറ് സ്മാർട്ട് ഫോൺ വിപണിയിൽ ആപ്പിളിൻറെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ഷവോമി പദ്ധതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ കേൾക്കുന്ന പിരിച്ചുവിടൽ വാർത്തകൾ എന്നതും ശ്രദ്ധേയമാണ്. ആപ്പിളുമായി ഒരു “യുദ്ധം” നടത്തുകയാണെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ചൈനയുടെ ഏറ്റവും വലിയ ഉയർന്ന ബ്രാൻഡായി മാറാൻ ഷവോമി ലക്ഷ്യമിടുന്നുവെന്നുമാണ് ഫെബ്രുവരിയിൽ ഷവോമി ചീഫ് എക്സിക്യൂട്ടീവ് ലീ ജുൻ പറഞ്ഞത്.

ചൈനയുടെ കടുത്ത “സീറോ-കോവിഡ്” പാൻഡെമിക് നിയന്ത്രണങ്ങൾക്കും വിപണിയിലെ സ്മാർട്ട് ഫോൺ വിൽപ്പനയിലെ ഇടവും മൂന്നാം പാദ വരുമാനത്തിൽ 9.7 ശതമാനം ഇടിവ് നവംബറിൽ ഷവോമിക്ക് ഉണ്ടാക്കിയിരുന്നു. മൊത്തം വരുമാനത്തിൻറെ 60 ശതമാനം വരുന്ന സ്‌മാർട്ട്‌ഫോൺ വിൽപ്പന വരുമാനം കഴിഞ്ഞ വർഷം ഈ പാദത്തെ അപേക്ഷിച്ച് 11 ശതമാനം ഇടിഞ്ഞുവെന്നാണ് ഷവോമി വ്യക്തമാക്കിയത്.

Top