ഇന്ത്യയുടെ ദയഹൃദയത്തില്‍ തൊട്ടു! സഹായത്തിന് നന്ദി അറിയിച്ച് ചൈന

കൊറോണാവൈറസ് പകര്‍ച്ചവ്യാധി പിടിവിട്ട് പായുമ്പോള്‍ സഹായം ചെയ്യാന്‍ കാണിച്ച ഇന്ത്യയുടെ ദയാവായ്പ്പ് തങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചതായി ചൈനീസ് അംബാസിഡര്‍ സണ്‍ വെയ്‌ഡോംഗ്.

‘ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഇന്ത്യന്‍ സുഹൃത്തുക്കള്‍ കാണിച്ച ദയ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണ്. നിരവധി ചൈനക്കാരുടെ ജീവന്‍ രക്ഷിക്കാനും, ചൈനീസ് ജനതയുടെ മോചനത്തിനായി സംഭാവന ചെയ്യുകയും ചെയ്ത ഡോ. കോട്‌നിസിനെയാണ് ഈ സമയത്ത് ഓര്‍ക്കുന്നത്’, അംബാസിഡര്‍ സണ്‍ പറഞ്ഞു. 1940കളിലെ ചൈന-ജപ്പാന്‍ യുദ്ധത്തില്‍ പരുക്കേറ്റ ചൈനീസ് സൈനികരെ ചികിത്സിക്കാന്‍ എത്തി മരണമടഞ്ഞ ഇന്ത്യന്‍ ഡോക്ടറാണ് ദ്വാരകാനാഥ് കോട്‌നിസ്. ചൈനയിലെ ഡോ. കോട്‌നിസ് ഒരു ആരാധനാപാത്രമാണ്.

‘ഈ വെല്ലുവിളി നേരിടാന്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കാനും, സഹായങ്ങള്‍ നല്‍കാനും ഇന്ത്യ തയ്യാറായി. 2003 സാര്‍സ് പകര്‍ച്ചവ്യാധിയുടെ സമയത്ത് ലഭിച്ച അനുഭവമാണ് ഓര്‍മ്മ വരുന്നത്. അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഷാന്‍കായി സന്ദര്‍ശിച്ചത് ഞങ്ങള്‍ക്ക് ആദരവായിരുന്നു’, സണ്‍ കൂട്ടിച്ചേര്‍ത്തു.

ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തെ അംഗീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ഷീ ജിന്‍പിംഗിന് കത്തയച്ചിരുന്നു. കഴിഞ്ഞ ആഴ്ച സഹായിച്ച 57 രാജ്യങ്ങളുടെ പട്ടിക ചൈന പുറത്തുവിട്ടതില്‍ ഇന്ത്യയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

Top