ബഹിരാകാശ നിലയത്തിലേക്ക് 3 സഞ്ചാരികളെ കൂടി അയച്ച് ചൈന

ചൈനീസ് ബഹിരാകാശ നിലയത്തിന്റെ അവസാനവട്ട ജോലികള്‍ പൂർത്തിയാക്കാൻ ചൈന മൂന്ന് ബഹിരാകാശ സഞ്ചാരികളെ കൂടി അയച്ചു. രാജ്യാന്തര ബഹിരാകാശ നിലയം സ്ഥാപിച്ചപ്പോള്‍ അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചൈനക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ചൈന തീരുമാനിക്കുന്നത്.

രണ്ട് പരീക്ഷണ ബഹിരാകാശ നിലയങ്ങള്‍ക്കു ശേഷമാണ് ടിയാങ്കോങ് ബഹിരാകാശ നിലയം ചൈന വിക്ഷേപിച്ചത്. ഷെന്‍ഷൗ-14 ദൗത്യത്തിലെ ഗവേഷകർ ആറുമാസം ടിയാങ്കോങ് സ്റ്റേഷനിൽ ചെലവഴിക്കും. ബഹിരാകാശ നിലയത്തിന്റെ പ്രധാന ഭാഗവുമായി രണ്ട് ലബോറട്ടറി മൊഡ്യൂളുകൾ കൂട്ടിച്ചേർക്കുന്നതിന് ഇവർ മേൽനോട്ടം വഹിക്കും. ഗോബി മരുഭൂമിയുടെ സമീപത്തുള്ള ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് പ്രാദേശിയ സമയം ഞായറാഴ്ച രാവിലെ 10.44 നാണ് പേടകം വിക്ഷേപിച്ചത്.

ലോങ് മാർച്ച് 2 എഫ് റോക്കറ്റാണ് മൂന്നു പേരെയും നിലയത്തിലെത്തിക്കാൻ ഉപയോഗിച്ചത്. വിക്ഷേപിച്ച് പതിനഞ്ച് മിനിറ്റിനകം പേടകം ഭ്രമണപഥത്തിലെത്തി സോളാർ പാനലുകൾ പ്രവർത്തിച്ചു തുടങ്ങി. കമാൻഡർ ചെൻ ഡോംഗും സഹ ബഹിരാകാശയാത്രികരായ ലിയു യാങ്, കായ് സൂഷെ എന്നിവരാണ് യാത്രികർ. ഈ വര്‍ഷം അവസാനത്തോടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് ചൈന നീക്കം നടത്തുന്നത്.

Top