പുതിയ ബഹിരാകാശ നിലയത്തിലേയ്ക്ക് സഞ്ചാരികളെ അയച്ച് ചൈന

ഹോങ്കോങ്: ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലേയ്ക്ക് സഞ്ചാരികൾ പുറപ്പെട്ടു. മൂന്ന് സഞ്ചാരികളാണ് നിലയത്തിലേക്ക് പുറപ്പെട്ടത്.ഗോബി മരുഭൂമിയിലെ വിക്ഷേപണ സ്ഥലത്തു നിന്നാണ് മൂന്ന് സഞ്ചാരികളുമായി റോക്കറ്റ് പറന്നുയർന്നത്. ഭൂമിയിൽ നിന്ന് 380 കിലോമീറ്റർ ഉയരമുള്ള ബഹിരാകാശ നിലയത്തിലെ മൊഡ്യൂളിൽ ഇവർ മൂന്നു മാസത്തോളം ചെലവഴിക്കും.

മുതിർന്ന ബഹിരാകാശ ഗവേഷകരായ നീ ഹൈഷെങ്, ലിയു ബോമിങ്, താങ് ഹോങ്ബോ എന്നിവരാണ് ബഹിരാകാശ നിലയത്തിലെ ടിയാൻഹി മൊഡ്യൂളിലേയ്ക്ക് പുറപ്പെട്ടിട്ടുള്ളത്. അഞ്ചു വർഷത്തിനിടെ ഇതാദ്യമായാണ് ചൈന സഞ്ചാരികളെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നത്. രാജ്യത്തിൻ്റെ ചരിത്രത്തിൽ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ദൗത്യവും ഇതാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. പുതിയ ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സഞ്ചാരികളെ ചൈന ബഹിരാകാശത്തേയ്ക്ക് അയച്ചിട്ടുള്ളത്

Top