ഇന്ത്യയുമായി കൂടുതല്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി ചൈന

ബെയ്ജിങ്: ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ചൈന.ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്നും
പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വാക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

‘ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയം അക്രമിക്കുകയും ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.’ ചൈനീസ് വാക്താവ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരാണ് വീരമൃത്യുവരിച്ചത്.
അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.

ചൈനയുടെ 43 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായാണ് വിവരം.സംഘര്‍ഷത്തില്‍ ചൈനയുടെ കമാന്‍ഡിംഗ് ഓഫീസര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ സന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആയുധവിന്യാസം നടത്താന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.അതിര്‍ത്തിക്കടുത്തുള്ള സൈനികകേന്ദ്രങ്ങളിലേക്കു കൂടുതല്‍ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൈനികരെയും രംഗത്തെത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനാണ് കേന്ദ്രം ഏകോപന ചുമതല നല്‍കിയിരിക്കുന്നത്.

Top