ചൈനീസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: ചൈനീസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയെന്‍. സോവിയറ്റ് യൂണിയന്‍ സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിനുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ താരമതമ്യപ്പെടുത്തിയാണ് ഒബ്രിയെന്‍ വിമര്‍ശിച്ചത്.

അമേരിക്കയിലെ ജനങ്ങള്‍ക്ക് മേല്‍ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്നുണ്ട്. പ്രചാരവേലയിലൂടെയും യു.എസില്‍ വന്‍ നിക്ഷേപം നടത്തിയ ചൈനീസ് കമ്പനികളിലൂടെ അമേരിക്കക്കാരുടെ ഏറ്റവും സ്വകാര്യമായ വിവരങ്ങള്‍ ശേഖരിച്ചുമാണ് ഇതിനായി ശ്രമിക്കുന്നതെന്നും ഒബ്രിയെന്‍ പറഞ്ഞു. ഈ കമ്പനികള്‍, സ്വയം സെന്‍സര്‍ഷിപ്പിനായി ഹോളിവുഡിനു മേല്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1930കള്‍ക്കു ശേഷം അമേരിക്കയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകളുടെ ചൈനയോടുള്ള വിദേശ നയത്തെ കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നെന്നും ഒബ്രിയെന്‍ പറഞ്ഞു. തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്ത് ജീവിക്കുന്ന ആളുകളുടെ മനസ്സ് നിയന്ത്രിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനായി വ്യാപാരത്തെ ഉപയോഗിക്കുന്നു. പ്രചാരണവും സ്വാധീനവും മാത്രമല്ല അവര്‍ വ്യാപാരത്തിലൂടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നുവെന്നും യു.എസ്. സുരക്ഷാ ഉപദേഷ്ടാവ് ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയക്കെതിരായ ചൈനയുടെ ഏറ്റവും പുതിയ സാമ്പത്തിക ഉപരോധം ചൂണ്ടിക്കാട്ടിയായിരുന്നു ഒബ്രിയെന്റെ ഈ വിമര്‍ശനം. കൊറോണവൈറസ് മഹാമാരിയെ സംബന്ധിച്ചുള്ള സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട ഓസ്‌ട്രേലിയയെ ഇറക്കുമതി നിര്‍ത്തുമെന്ന് പറഞ്ഞ് ചൈന ഭീഷണിപ്പെടുത്തിയിരുന്നു.
മാത്രമല്ല, ചൈനീസ് വിദ്യാര്‍ത്ഥികളെയും സന്ദര്‍ശകരെയും ഓസ്‌ട്രേലിയയിലേക്ക് പോകുന്നത് തടയുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭീഷണിപ്പെടുത്തി.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബാര്‍ലി ഇറക്കുമതിയില്‍ ചൈന 80 ശതമാനം തീരുവ ചുമത്തിയതായും ഓസ്‌ട്രേലിയ ആരോപിച്ചിരുന്നു.

തങ്ങളുടെ ആജ്ഞകളും പ്രത്യയശാസ്ത്രങ്ങളും അടിച്ചേല്‍പ്പിക്കുന്നതിന് ചൈന ആഗോള സംഘടനകളില്‍ നേതൃസ്ഥാനങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നു. ഐക്യരാഷ്ട്രസഭയുടെ 15 സ്ഥാപനങ്ങളില്‍ നാലെണ്ണത്തില്‍ ഇപ്പോള്‍ ചൈന മുന്നിട്ട് നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഒബ്രിയെന്‍ ചൈനീസ് നയങ്ങള്‍ അംഗീകരിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളെ നിര്‍ബന്ധിതരാക്കാനും അവരുടെ സൗകര്യങ്ങളില്‍ ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിക്കാനും നേതൃത്വത്തെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഷി ജിന്‍പിങ്ങിന്റെ ആജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗബ്രിയേസസ് എന്നും അദ്ദേഹം വിമര്‍ശിച്ചു. ചൈന പറയുന്ന കാര്യങ്ങള്‍ ഏറ്റുപറയുകയാണ് ജനുവരി വരെ അദ്ദേഹം ചെയ്തത്. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ. ചൈനയുടെ നിര്‍ദേശം അനുസരിച്ച് ജനുവരി വരെ ആവര്‍ത്തിച്ചതെന്നും ഒബ്രിയെന്‍ കൂട്ടിച്ചേര്‍ത്തു.

Top