ചങ്അ 5; ചന്ദ്രനിലെ പദാര്‍ത്ഥങ്ങളുടെ ശേഖരണം പൂര്‍ത്തിയാക്കിയതായി സിഎന്‍എസ്എ

കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് വിക്ഷേപിച്ച ചങ്അ-5 പേടകം ചന്ദ്രനില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതായി ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ). ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായായിരുന്നു ചങ്അ-5 പേടകം വിക്ഷേപിച്ചത്. കല്ലുകളും മറ്റ് പദാര്‍ത്ഥങ്ങളുമാണ് ശേഖരിച്ചതെന്നും ശേഖരിച്ച സാമ്പിളുകള്‍ പേടകത്തിനകത്ത് സീല്‍ ചെയ്തതായും സിഎന്‍എസ്എ അറിയിച്ചു. ഇവ പേടകത്തിലെ ബാഹ്യാന്തരീക്ഷത്തിന്റെ സ്വാധീനമേല്‍ക്കാത്ത വിധം വായു സഞ്ചാരമില്ലാത്ത പ്രത്യേക അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചന്ദ്രനില്‍ 19 മണിക്കൂര്‍ നേരം ചിലവിട്ട പേടകം ഇന്ത്യന്‍ സമയം വൈകീട്ട് 7.30 യോടെയാണ് സാമ്പിളുകള്‍ ശേഖരിച്ചത്.

ചന്ദ്രോപരിതലത്തിലെ 100 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് ചന്ദ്രേപരിതലത്തിലെ പാറ തുരന്നായിരുന്നു പലയിടങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരണം. ലാന്റിങ് ക്യാമറ, പനോരമ ക്യാമറ, ലൂണാര്‍ റിഗോലിത് പെനട്രേറ്റിങ് റഡാര്‍, ലൂണാര്‍ മിനറലോജിക്കല്‍ സ്‌പെക്ട്രോമീറ്റര്‍ പോലുള്ള ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് പാറ തുരക്കുന്നതിന് മുമ്പ് സാമ്പിളുകള്‍ ശേഖരിക്കുന്ന സ്ഥലം ലൂണാര്‍ റീഗോലിത് പെനട്രേറ്റിങ് റഡാര്‍ വിശകലനം ചെയ്യും. ഡിസംബര്‍ 16-17 തീയതികളില്‍ ചാങ്അ-5 ഭൂമിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വിവിധ ഘടകങ്ങളെ അനുസരിച്ച് ഇതില്‍ മാറ്റമുണ്ടായേക്കാം. മംഗോളിയ മേഖലയില്‍ പേടകത്തെ തിരികെയിറക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

Top