ഇന്ത്യയുടെ കരുത്ത് മനസ്സിലാക്കി ചൈന, അനുനയത്തിന് റഷ്യന്‍ സഹായം തേടും ?

ന്ത്യയെ സംബന്ധിച്ച് പ്രധാന ശത്രുരാജ്യങ്ങള്‍ പാക്കിസ്ഥാനും ചൈനയും മാത്രമാണ്.
എന്നാല്‍ ഒരിക്കലും പാക്കിസ്ഥാനെയും ചൈനയെയും ഒരേ തുലാസില്‍ കെട്ടി വിലയിരുത്താന്‍ പറ്റുന്നതല്ല.

പാക്ക് അതിര്‍ത്തിയില്‍ പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഒടുവില്‍ പുല്‍വാമയിലും ബാലാക്കോട്ടിലെ തിരിച്ചടിയിലും വരെ അത് എത്തി നില്‍ക്കുകയാണ്. രാജ്യത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഭീകരരെ ഇന്ത്യയിലേക്ക് റിക്രൂട്ട് ചെയ്യുന്ന നിലപാടാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചു വരുന്നത്.

ശക്തമായ തിരിച്ചടി ലഭിച്ചതോടെ അവര്‍ തല്‍ക്കാലം ഒതുങ്ങിയിട്ടുണ്ടെങ്കിലും ഭീഷണി ഇപ്പോഴും നിലനില്‍ക്കുക തന്നെയാണ്.

ഇവിടെയാണ് ചൈനയുടെ നിലപാട് മാറ്റവും നാം നോക്കി കാണേണ്ടത്. ഇന്ത്യാ വിരുദ്ധ ചേരിയിലാണെങ്കിലും മസൂദ് അസഹ്റിനെ ആഗോള ഭീകരനാക്കാന്‍ അവര്‍ക്കും ഒടുവില്‍ കൈ പൊക്കേണ്ടി വന്നു. ഇന്ത്യയെ സംബന്ധിച്ച് യു.എന്നിന്റെ ഈ നടപടി നയതന്ത്ര തലത്തിലെ വലിയ വിജയമാണ്. ഇത്തവണ കൊടും ഭീകരന് സംരക്ഷണം തീര്‍ക്കാന്‍ ചൈന എത്താത്തതിന് പിന്നില്‍ വേറെയും ചില കാരണങ്ങള്‍ ഉണ്ട്.

മേഖലയിലെ വലിയ ശക്തിയായ ഇന്ത്യ, അമേരിക്കന്‍ പക്ഷത്ത് ശക്തമായി നിലയുറപ്പിക്കുന്നത് അപകടകരമായാണ് ചൈന വിലയിരുത്തുന്നത്. റഷ്യയുടെ നിലപാടാണ് പലപ്പോഴും ചൈനയെ പ്രതിരോധത്തിലാക്കുന്നത്.

അമേരിക്കയുമായി അടുപ്പമുള്ള ഇന്ത്യക്കൊപ്പം റഷ്യ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതാണ് ചൈനയെ അത്ഭുതപ്പെടുത്തുന്നത്. നയതന്ത്ര രംഗത്തെ ഇന്ത്യയുടെ മികവായാണ് ചൈനീസ് ഭരണകൂടം ഈ നിലപാടിനെ വിലയിരുത്തുന്നത്. റഷ്യയുമായി പരസ്പരം സഹകരിച്ച് മുന്നാട്ട് പോകുന്ന ചൈനയോട് ദോക് ലാമില്‍ സംഘര്‍ഷം അരുതെന്ന് ആവശ്യപ്പെട്ടതും റഷ്യന്‍ പ്രസിഡന്റ് പുടിനാണ്.

ചൈനീസ് അതിര്‍ത്തിയില്‍ ഒരു വെടിയുണ്ട പോലും അടുത്ത കാലങ്ങളിലൊന്നും ഇന്ത്യക്ക് ഉയോഗിക്കേണ്ടി വന്നിട്ടില്ല. തര്‍ക്കങ്ങള്‍ ഉടനടി പരിഹരിച്ച് പോകുന്ന നിലപാടാണ് ഇരു രാജ്യങ്ങളും സ്വീകരിച്ച് വരുന്നത്.

പാക്കിസ്ഥാനുമായുള്ള സഹകരണമാണ് ചൈന വിരുദ്ധ പക്ഷത്ത് ഇന്ത്യ നില്‍ക്കാന്‍ പ്രധാന കാരണം. ചൈനക്കാവട്ടെ അവരുടെ ശത്രുവായ ദലൈലാമക്ക് ഇന്ത്യ അഭയം നല്‍കിയതാണ് എതിര്‍പ്പിന്റെ അടിസ്ഥാന കാരണം.

എന്നാല്‍ കാലങ്ങളായുള്ള ഈ പക അവസാനിപ്പിക്കേണ്ട സമയമായെന്ന നിലപാടാണ് ഇപ്പോള്‍ ചൈനയില്‍ ശക്തമായി വരുന്നത്. അരുണാചലിനും ദോക് ലാമിനും വേണ്ടിയുള്ള തര്‍ക്കങ്ങള്‍ താല്‍ക്കാലികമായി ഉപേക്ഷിച്ച് ഇന്ത്യയുമായി സഹകരണം ശക്തമാക്കാനാണ് ആലോചന. പാക്ക് ബന്ധം നഷ്ടം മാത്രമേ ഉണ്ടാക്കൂ എന്ന നിലപാട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തും ഉണ്ട്.

ഇന്ത്യ- റഷ്യ- ചൈന കൂട്ടുകെട്ട് സാധ്യമായാല്‍ ലോകം തന്നെ കീഴടക്കാം എന്ന നിലപാടാണ് ചൈനീസ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

ലോകത്ത് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമായാണ് ചൈനീസ് മാധ്യമങ്ങളും ഇന്ത്യയെ വിലയിരുത്തുന്നത്.

അമേരിക്കയുമായുള്ള ചൈനീസ് ഭിന്നത പൊട്ടിതെറിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഈ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യ അമേരിക്കയെ സഹായിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ റഷ്യയെ ഉപയോഗപ്പെടുത്താനാണ് ചൈനയുടെ നീക്കം. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷം അമേരിക്കയുമായി പൊട്ടി പുറപ്പെട്ടാല്‍ അവര്‍ക്ക് താവളമായി അയല്‍ രാജ്യമായ ഇന്ത്യ മാറരുതെന്ന നിലപാട് ചൈനക്കുണ്ട്. ഇക്കാര്യത്തില്‍ ചൈനീസ് ഭരണകൂടം ആശങ്കയിലുമാണ്.

അമേരിക്ക ദുഷ്ടശക്തിയാണെന്നും അവിടേക്ക് പോകരുതെന്നുമാണ് ഇപ്പോള്‍ സ്വന്തം പൗരന്‍മാര്‍ക്ക് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ലോകത്തെ വന്‍ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധവും ശീതസമരവും തുറന്ന യുദ്ധത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു പോകുന്നത്.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് 25 ശതമാനം നികുതി ചുമത്താന്‍ അമേരിക്ക തീരുമാനിച്ചതാണ് വ്യാപാര യുദ്ധത്തിന് വഴിമരുന്ന് ഇട്ടിരിക്കുന്നത്.

മൊബൈല്‍ നിര്‍മ്മാതാക്കളായ വാവേയ്ക്കെതിരെ അമേരിക്ക കൈ കൊണ്ട നടപടിയും ചൈനയെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് 6,000 കോടി ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചാണ് ചൈന തിരിച്ചടിച്ചത്.

ലോകത്തിന്റെ ശത്രു എന്നാണ് അമേരിക്കയെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ടിയന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിന്റെ മുപ്പതാം വാര്‍ഷികത്തിലെ അമേരിക്കന്‍ പ്രതികരണവും ചൈനയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപ്പെടുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നതാണ് ചൈനയുടെ നിലപാട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത് ഇറാനുമായുള്ള അമേരിക്കന്‍ ഉപരോധത്തേയും ബാധിച്ചിട്ടുണ്ട്. ഉപരോധം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ചൈന. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. രണ്ടാമത്തേത് ഇന്ത്യയാണ്.

ഇറാനും ഇന്ത്യയും തമ്മിലും നല്ല ബന്ധമാണ് നിലവിലുള്ളത്. എണ്ണ ഇറാനില്‍ നിന്നും വാങ്ങരുതെന്ന് ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക ഒരുങ്ങിയാല്‍ ചൈനയും റഷ്യയും എതിര്‍ക്കുമെന്ന കാര്യവും ഉറപ്പാണ്. ഇന്ത്യക്ക് പോലും ഇക്കാര്യത്തില്‍ അമേരിക്കയ്ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല.

Top