ചൈനയില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നു? ഒറ്റ ദിവസം 99 പുതിയ കേസുകള്‍ !

ബീജിങ്: രാജ്യത്ത് കൊറോണയുടെ രണ്ടാമത്തെ വരവ് ആരംഭിച്ചുവോയെന്ന ആശങ്കയില്‍ ചൈനീസ് അധികൃതര്‍. കൊറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങള്‍ക്ക് ശേഷം വീണ്ടും ചൈനയില്‍ രോഗികളുടെ എണ്ണം ഉയരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 11 ന് മാത്രം ചൈനയില്‍ 99 പേരില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

ഇതില്‍ കൊറോണ സ്ഥിരീകരിച്ച 63 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതാണ് ഏറ്റവും അപകടകരമായ വസ്തുത. ഇതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നതും. ഏപ്രില്‍ 10ന് സ്ഥിരീകരിച്ച കൊറോണ രോഗികളില്‍ 34 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇന്നലെ അതിന്റെ ഇരട്ടി ആളുകള്‍ക്കാണ് ലക്ഷണങ്ങള്‍ ഇല്ലാതെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ഇപ്പോള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത 99 കേസുകളില്‍ 97 എണ്ണവും ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരിലാണ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 63 പേരില്‍ 12 പേര്‍ ഇത്തരത്തില്‍ എത്തിയതാണ്.

ചൈനയ്ക്ക് പുറത്തുനിന്ന് വന്നവരില്‍ നിന്നായി 1,280 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 481 പേര്‍ രോഗമുക്തരായി. 799 പേര്‍ നിലവില്‍ ചികിത്സയിലാണുള്ളത്. ഇവരില്‍ 36 ആളുകളുടെ അവസ്ഥ ഗുരുതരമാണ്.
ചൈനയുടെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായിലാണ് രോഗികള്‍ കൂടുതലുള്ളത്. ഏപ്രില്‍ 11 ന് ഷാങ്ഹായി നഗരത്തില്‍ 52 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണയുടെ സമൂഹവ്യാപനത്തിന്റെ ഭീതിപ്പെടുത്തുന്ന സമയത്ത് 3,339 പേരാണ് ചൈനയില്‍ മരിച്ചത്. നിലവില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് അധികൃതരില്‍ ആശ്വാസം സൃഷ്ടിക്കുന്നത്.

Top