ചൈനയിൽ ആറു മാസത്തിനിടെ ആദ്യത്തെ കോവിഡ് മരണം; സ്കൂളുകളും ഹോട്ടലുകളും അടച്ചു, കടുത്ത നിയന്ത്രണം

ബെയ്ജിങ്; ആറു മാസത്തിനിടെ ചൈനയിൽ ആദ്യത്തെ കോവിഡ് മരണം റിപ്പോർട്ടു ചെയ്തു. തുടർന്ന് ബെയ്ജിങ്ങിൽ നിയന്ത്രണങ്ങൾ ശക്തമാക്കി. ബീജിങ്ങിലെ പ്രധാന ജില്ലയായ ചയോങ്ങിൽ സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനാക്കുകയും ഓഫിസുകളും റസ്റ്റോറന്റുകളും അടയ്ക്കുകയും ചെയ്തു. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് അധികൃതർ നിർദേശം നൽകി.

അതിനിടെ രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിനെ തുടർന്ന് പല പ്രദേശങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പല പ്രവിശ്യകളിലും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിയുന്നതും വീട്ടിൽത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

25,000 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷന്റെ റിപ്പോർട്ട്. ഇന്നലെ മാത്രം ബെയ്ജിങ്ങിൽ 516 കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് ഏറ്റവും രൂക്ഷമായ ഛയോയാങ് ജില്ലയിലെ ജനങ്ങളോട് വാരാന്ത്യം വരെ വീടുകളിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ നഗരം വിട്ടുപോയാൽ 48 മണിക്കൂറിനകമുള്ള പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം.

നേരെത്തെ കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നിരുന്നു. എന്നാൽ ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. പിന്നാലെ ഈ മാസം ആദ്യം ഇളവുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്കു കോവിഡ് റിപ്പോർട്ട് ചെയ്താൽ രാജ്യാന്തര വിമാന സർവീസ് താത്കാലികമായി നിർത്തലാക്കിയതടക്കമുള്ള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റൈൻ കാലം 10 ദിവസത്തിൽ നിന്ന് എട്ട് ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും ശക്തിപ്പെടുത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

Top