അമേരിക്കയ്ക്ക് ചൈനയുടെ തിരിച്ചടി; അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിരോധിച്ചേക്കും

ബെയ്ജിങ്: രാജ്യ സുരക്ഷ ചൂണ്ടിക്കാണിച്ച് ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനൊരുങ്ങി ചൈന.

രാജ്യത്തെ വന്‍തോതിലുള്ള അപൂര്‍വ ഭൗമ ധാതുക്കള്‍ ( Rare earth elements) ഉപയോഗിച്ച് അമേരിക്കയ്ക്ക് തിരിച്ചടി നല്‍കാനാണ് ചൈനയുടെ ശ്രമം. ഇതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണ് വിവരം.കഴിഞ്ഞയാഴ്ച ചൈനയിലെ ഒരു അപൂര്‍വ ധാതു ഖനി പ്രസിഡന്റ് ഷി ജിന്‍ പിങ് സന്ദര്‍ശിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.

അപൂര്‍വ ഭൗമ ധാതുക്കളായി കണക്കാക്കുന്നത് 17 രാസ മൂലകങ്ങളെയാണ്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ സൈനിക ഉപകരണങ്ങളില്‍ വരെ ഇവഉപയോഗിക്കുന്നു.ഈ രാസവസ്തുക്കളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കും.

അതേസമയം ഇതുസംബന്ധിച്ച് ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.

മുമ്പും ഇതേ സമ്മര്‍ദ്ദ തന്ത്രം ചൈന പ്രയോഗിച്ചിട്ടുണ്ട്. ജപ്പാനുമായുള്ള തര്‍ക്കങ്ങള്‍ക്കിടെയാണ് ചൈന അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണം വരുത്തിയത്. പാരിസ്ഥിതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. അന്ന് അന്ന് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക വ്യാപാര സംഘനയ്ക്ക് പരാതി നല്‍കി. സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചൈന നിയന്ത്രണം പിന്‍വലിച്ചത്.

Top