കൊവിഡ് വ്യാപനം: വുഹാനിലെ മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി ചൈന

വുഹാന്‍: ചൈനീസ് നഗരമായ വുഹാനിലെ എല്ലാ താമസക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍. ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മുഴുവന്‍ ആളുകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

വുഹാനിലെ 11 മില്യണ്‍ ആളുകളില്‍ കൊവിഡ് ടെസ്റ്റ് നടത്താനാണ് ചൈന ലക്ഷ്യമിടുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിന് ശേഷം രോഗബാധ വീണ്ടും പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ചൊവ്വാഴ്ച വുഹാനില്‍ 61 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ് വുഹാനിലും മറ്റു നഗരങ്ങളിലും ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലെ പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. വുഹാനിലെത്തിയ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ പ്രദേശത്തുള്ളവരാരും പുറത്തുപോകരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top