China publicly acknowledges role of Pakistan in Mumbai terror attacks

ഹോങ്‌കോങ്: ലോകത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് സമ്മതിച്ച് ചൈന. ഇതാദ്യമായാണ് ഈ വിഷയത്തില്‍ പാകിസ്ഥാന്റെ ഉറ്റമിത്രം കൂടിയായ ചൈന പാകിസ്ഥാനെതിരെ നിലപാടെടുക്കുന്നത്. 2008 നവംബര്‍ 26, 27 ദിവസങ്ങളില്‍ നടന്ന ഭീകരാക്രമണത്തില്‍ 164 പേര്‍ കൊല്ലപ്പെടുകയും 308 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചൈന സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും പാകിസ്ഥാനിലെ സംഘടനയുടെ നേതാക്കള്‍ക്കുമുള്ള പങ്കിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവരെ പാക്കിസ്ഥാന് അനുകൂലമായ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനത്തിനെതിരായ യു.എന്‍ ഇടപെടലിനെതിരെ നേരത്തെ ചൈന രംഗത്ത് വന്നിരുന്നു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസം നിന്നതും ചൈനയായിരുന്നു.

ഹാഫിസ് സയ്യിദ് അടക്കമുള്ള തീവ്രവാദികള്‍ക്കെതിരെയുള്ള യു.എന്‍ നടപടികളെ എതിര്‍ക്കുകയും പാകിസ്ഥാന് പിന്തുണ നല്‍കുകയും ചെയ്യുന്ന നിലപാടാണ് ചൈന ഇതുവരെ സ്വീകരിച്ചിരുന്നത്.

Top