ചൈന പ്രസിഡന്റ് പദവി വ്യവസ്ഥ നീക്കം ചെയ്യുന്നു ; ഭരണത്തിൽ കമ്യൂണിസ്റ്റ് പാർട്ടി തുടരും

china

ബെയ്‌ജിംഗ് : ചൈനീസ് പ്രസിഡന്റ് പദവിയിൽ ഒരാൾക്ക് രണ്ടുവട്ടം മാത്രമേ സ്ഥാനത്തിരിക്കാൻ കഴിയുള്ളുവെന്നുള്ള കാലപരിധി സംബന്ധിച്ച വ്യവസ്ഥ ചൈന ഭരണഘടനയിൽനിന്നു നീക്കം ചെയ്യുന്നു. പ്രസിഡന്റ് ഷി ചിൻപിങ്ങിന് ഇഷ്ടമുള്ള കാലമത്രയും അധികാരത്തിൽ തുടരാൻ വഴിയൊരുക്കുന്നതാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഈ പുതിയ നീക്കം.

തുടർച്ചയായി രണ്ടു വട്ടത്തിലധികം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കരുതെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള പാർട്ടി കേന്ദ്രകമ്മിറ്റിയുടെ ശുപാർശ ഇന്നു നടക്കുന്ന പാർട്ടി പ്ലീനം അംഗീകരിക്കും. ഇതോടെ ഷി ചിൻപിങ് (64) ആധുനിക ചൈനയിലെ ഏറ്റവും ശക്തനായ നേതാവായി മാറും. 2023 ലാണു ഷി ചിൻപിങ്ങിന്റെ രണ്ടാം വട്ട കാലയളവു പൂർത്തിയാകുന്നത്.

കഴിഞ്ഞവർഷം തിരഞ്ഞെടുക്കപ്പെട്ട ഏഴംഗ നേതൃസമിതിയിൽ പിൻഗാമിയായി ആരെയും ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെ രണ്ടാം വട്ടത്തിനുശേഷവും ഷി അധികാരത്തിൽ തുടരുമെന്നു വ്യക്തമായിരുന്നു.

മൂന്നുദശകമായി തുടരുന്ന കൂട്ടായ പാർട്ടി നേതൃത്വം എന്ന തത്വം മാറ്റിവച്ചാണ് ഷി ചിൻപിങ്ങിനെ കഴിഞ്ഞവർഷം മുതൽ പരമോന്നത നേതാവ് എന്നു വിശേഷിപ്പിച്ചു തുടങ്ങിയത്. പാർട്ടിയുടെയും രാജ്യത്തിന്റെയും തലവനായി 2013 ലാണു ഷി സ്ഥാനമേറ്റത്.

Top