ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി; ഇതാണ് സൗഹൃദം; മോദിയുടെ കത്തിന് ചൈനയുടെ പ്രശംസ!

modi-jinping.china-india

മാരകമായ കൊറോണാവൈറസ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യവും, സഹായവും വാഗ്ദാനം ചെയ്ത് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന്‌ കത്തയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ പ്രശംസിച്ച് ചൈന. ന്യൂഡല്‍ഹിക്ക് ബെയ്ജിംഗുമായുള്ള സൗഹൃദം പ്രകടമാക്കുന്നതാണ് ഈ നടപടിയെന്ന് ചൈന പ്രതികരിച്ചു.

900ലേറെ ജീവനുകള്‍ അപഹരിച്ച് വൈറസ് മുന്നേറുന്ന സമയത്താണ് പ്രസിഡന്റിനും, ചൈനയിലെ ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ച് പ്രധാനമന്ത്രി മോദി കത്തയച്ചത്. ‘നോവല്‍ കൊറോണാവൈറസ് ന്യൂമോണിയക്ക് (വൈറസിന്റെ ഔദ്യോഗിക നാമം) എതിരായ ചൈനയുടെ പോരാട്ടത്തില്‍ പിന്തുണ അറിയിച്ച ഇന്ത്യക്ക് നന്ദി’, ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു.

ഇന്ത്യയുടെ സൗമനസ്യം ചൈനയുമായുള്ള സൗഹൃദത്തിന്റെ പൂര്‍ണ്ണമായ പ്രകടനമാണ്, ഗെംഗ് വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ നഷ്ടമാകുന്നതില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ സഹായവും വാഗ്ദാനം ചെയ്തു. ഹുബെയ് പ്രവിശ്യയില്‍ നിന്നും 650ഓളം ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ വഴിയൊരുക്കിയതിനും ഷിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ചൈനയില്‍ നിന്നും നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരികെ എത്തിച്ചിരുന്നു. വൈറസ് പടരുന്നത് തടയാന്‍ ചൈനയിലേക്കുള്ള യാത്രയില്‍ ഇന്ത്യ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top