അമേരിക്കയുടെ മുൻ മത സ്വാതന്ത്ര്യ കമ്മീഷനെ വിലക്കി ചൈന

വാഷിംഗ്ടൺ: അമേരിക്കൻ ഉദ്യോഗസ്ഥന് വിലക്കേർപ്പെടുത്തി ചൈന.അമേരിക്കയുടെ മുൻ മത സ്വാതന്ത്ര്യ കമ്മീഷനെയാണ് ചൈന വിലക്കിയത് . ചൈനയിൽ നിലനിൽക്കുന്ന കടുത്ത മതപരമായ നിയന്ത്രണങ്ങളെ അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ വാദിച്ചതിന് പിന്നാലെയാണ് മത സ്വാതന്ത്ര്യ ലംഘനങ്ങളന്വേഷിക്കാൻ മുൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് ചൈന യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ചൈനയുടെ തീരുമാനത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിമർശിച്ചു. ജോണി മൂർ എന്ന ഉദ്യോഗസ്ഥനേയും കുടുംബത്തേയുമാണ് ചൈന വിലക്കിയത്. വ്യക്തിപരമായ യാത്രകളാണ് മൂർ നടത്താനിരുന്നത്.

അമേരിക്കയുടെ മത സ്വാതന്ത്ര്യ കമ്മീഷൻ മുൻ ഉദ്യോഗസ്ഥനെതിരെ ചൈന എടുത്തിരിക്കുന്നത് യാതൊരു നീതീകരണവുമില്ലാത്ത നടപടിയാണെന്ന് ബ്ലിങ്കൻ കുറ്റപ്പെടുത്തി. ചൈന അമേരിക്കയുടെ ഉദ്യോഗസ്ഥനെക്കൂടാതെ ക്യാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരേയും വിലക്കിയിരിക്കുകയാണ്. ചൈനയുടെ ഉദ്യോഗസ്ഥർക്ക് ഈ രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രതികാര നടപടിയെന്നും ബ്ലിങ്കൻ വ്യക്തമാക്കി. ചൈനയുടെ നടപടികൾ സിൻജിയാംഗ് മേഖലയിൽ നടക്കുന്ന മതപരവും വംശീയവുമായ അടിച്ചമർത്തലുകളെ ശരിവയ്ക്കുന്നതാണെന്നും ബ്ലിങ്കൻ ആരോപിച്ചു.

അമേരിക്ക എന്നും മനുഷ്യാവകാശങ്ങൾക്കായി മുൻപന്തിയിലുണ്ടാകും. ആഗോളതലത്തിൽ എല്ലാ രാജ്യങ്ങളും അംഗീകരിച്ച മനുഷ്യാവകാശ നിയമങ്ങളെ അധികരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ബ്ലിങ്കൻ വ്യക്തമാക്കി.

Top