China planning to build floating nuclear power plant

ബീജിംഗ്: സമുദ്രത്തില്‍ സഞ്ചരിക്കുന്ന ആണവനിലയം നിര്‍മ്മിയ്ക്കാന്‍ ചൈന ഒരുങ്ങുന്നു. 2020നകം ആണവ ശേഷി ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് ആണവ നിലയമുള്ള കപ്പല്‍. ചൈനീസ് ആറ്റോമിക് എനര്‍ജി അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.

ഇത്തരമൊരു പദ്ധതി ലോകത്ത് തന്നെ ആദ്യമായാണ്. റഷ്യയും ഇത് പോലൊരു പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് കപ്പല്‍ ആണവനിലയങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് ആദ്യ ഘട്ടത്തില്‍ ചൈനീസ് പദ്ധതി. ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പറേഷനുമാണ് ആണവനിലയങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്.

2019ലും 2020ലുമായി രണ്ട് നിലയങ്ങളുടേയും നിര്‍മ്മാണം ആരംഭിയ്ക്കും. തര്‍ക്ക പ്രദേശമായ ദക്ഷിണ ചൈനാ കടല്‍ മേഖലയുമായി ബന്ധപ്പെട്ട് ജപ്പാന്‍, ഫിലിപ്പൈന്‍സ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി ഏറെ കാലമായി സംഘര്‍ഷത്തിലാണ് ചൈന. കപ്പല്‍ ആണവനിലയങ്ങളുടെ നിര്‍മ്മാണത്തിന് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.

നിലവില്‍ 30 റിയാക്ടറുകളാണ് ചൈനയ്ക്കുള്ളത്. ഇതിന്റെ ശേഷി 28.3 ജിഗാവാട്ട് ആണ്. 26.7 ജിഗാവാട്ട് ആകെ ശേഷിയുള്ള 24 റിയാക്ടറുകളുടെ നിര്‍മ്മാണം പുരോഗമിയ്ക്കുകയാണ്. 2020നകം 58 ജിഗാവാട്ട് വൈദ്യുതി ആണവോര്‍ജ്ജത്തില്‍ നിന്ന് നിര്‍മ്മിയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. 2011ലെ ഫുകുഷിമ ആണവദുരന്തത്തിന് ശേഷം ആണവപദ്ധതികള്‍ തല്‍ക്കാലത്തേയ്ക്ക് ചൈന നിര്‍ത്തിവച്ചെങ്കിലും 2012ല്‍ പുനരാരംഭിയ്ക്കുകയായിരുന്നു.

Top