ശത്രുക്കള്‍ ജാഗ്രതൈ. . .വമ്പന്‍ ശക്തികള്‍ക്കൊപ്പം ഇന്ത്യന്‍ പ്രതിരോധം

ന്യൂഡല്‍ഹി: അമേരിക്ക, റഷ്യ, ചൈന എന്നീ വമ്പന്‍ ശക്തികള്‍ക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള രാജ്യമാണ് ഇന്ത്യ എന്ന് തെളിയിച്ചിരിക്കുകയാണ് എ സാറ്റിലൂടെ. ശത്രുരാജ്യത്തിന്റെ ചാരഉപഗ്രഹങ്ങള്‍ തകര്‍ക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ് ആന്റി സാറ്റ്‌ലൈറ്റ് ആയുധങ്ങള്‍ (എ സാറ്റ്). പ്രവര്‍ത്തനരഹിതമായ സാറ്റലൈറ്റുകള്‍ വീഴ്ത്താന്‍ എ സാറ്റ് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും യുദ്ധങ്ങളിലൊന്നും ഒരു രാജ്യവും ഈ സംവിധാനം ഉപയോഗിച്ചിട്ടില്ല. ചൈനയും പാക്കിസ്ഥാനും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ രംഗത്തെ മികച്ച നേട്ടമാണെന്നാണ് വിഗദ്ധരുടെ വിലയിരുത്തല്‍.

ഒഡിഷയിലെ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണു സൂചന. എന്നാല്‍, ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കൃത്രിമ ഉപഗ്രഹത്തിന്റെ ചെറുപതിപ്പായ മൈക്രോസാറ്റ് ഇന്ത്യ വിക്ഷേപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതും പ്രതിരോധ ആവശ്യങ്ങള്‍ക്ക് അയച്ചതാണെന്നായിരുന്നു ഡിആര്‍ഡിഒ വിശദീകരണം. ഈ മൈക്രോസാറ്റിനെയാണ് ഇപ്പോള്‍ മിസൈല്‍ ഉപയോഗിച്ചു തകര്‍ത്തതെന്നാണു കരുതുന്നത്. മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹത്തെ തകര്‍ക്കുകയാണെങ്കില്‍ അതു യുദ്ധ പ്രഖ്യാപനമായാണു കണക്കാക്കുക.

2013ല്‍ ചൈന നവീകരിച്ച ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. 2007ലും 800 കിലോമീറ്റര്‍ മുകളിലുള്ള ഉപഗ്രഹത്തെ സമാനമായ മിസൈല്‍ ഉപയോഗിച്ച് ചൈന തകര്‍ത്തിട്ടുണ്ട്. അതേസമയം, അന്തരീക്ഷത്തില്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നവയാണ് ഇത്തരം പരീക്ഷണങ്ങള്‍ എന്നാണ് വിദഗ്ധാഭിപ്രായം. മൂവായിരത്തോളം അപകടകരമായ അവശിഷ്ടങ്ങളാണ് ഓരോ പരീക്ഷണവും അന്തരീക്ഷത്തില്‍ നിക്ഷേപിക്കുന്നത്. ഇത്തരം അവശിഷ്ടങ്ങള്‍ പിന്നീട് ഉപഗ്രഹങ്ങള്‍ക്കു തന്നെ ഭീഷണിയാകുന്നുണ്ട്.

1950കളിലാണ് അമേരിക്കയും റഷ്യയും നിലത്തു നിന്നു തൊടുക്കാവുന്ന എ സാറ്റ് വികസിപ്പിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1984ല്‍ അമേരിക്ക ഇത് പരീക്ഷിച്ചു. 1985 സെപ്റ്റംബര്‍ 13ന് ഇതു വിജയകരമായി പരീക്ഷിച്ചു.

എഡ്‌വേഡ് വ്യോമത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന എഫ് 15 വിമാനം 38,100 അടി ഉയരത്തില്‍ നിന്ന് അമേരിക്കന്‍ സാറ്റലൈറ്റ് ആയ സോള്‍വിന്‍ഡ് പി781 ലേക്ക് വിജയകരമായി മിസൈല്‍ തൊടുത്തു. പരീക്ഷണം വിജയിച്ചെങ്കിലും 1988ല്‍ തുടര്‍ പരീക്ഷണങ്ങള്‍ റദ്ദാക്കി. തുടര്‍ന്ന് 2008 ഫെബ്രുവരി 21ന് അമേരിക്കന്‍ നാവികസേന പ്രവര്‍ത്തനരഹിതമായ ചാരഉപഗ്രഹമായ യുഎസ്എ-193 കപ്പലില്‍നിന്നു തൊടുത്ത മിസൈല്‍ കൊണ്ടു തകര്‍ത്തു.

Top