നാടോടിക്കാറ്റിലെ ലാലിന്റെ അവസ്ഥയിൽ പാക്കിസ്ഥാൻ, ഉയരുന്നത് വിശപ്പിന്റെ വിളി !

ത്യം പറയാലോ ബാലേട്ടാ പട്ടിണിയാണ് മുഴുപട്ടിണി.’ നാടോടിക്കാറ്റ് സിനിമയിലെ ഈ ഡയലോഗ് മലയാളികള്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ദാസന്‍ ഇന്നസെന്റിനോട് പറഞ്ഞ വാക്കുകളാണിത്. ഇതേ അവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍ എന്ന രാജ്യവും പെട്ടിരിക്കുന്നത്. മുഴു പട്ടിണിയിലാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ലെന്ന വ്യത്യാസം മാത്രമാണ് അവര്‍ക്കുള്ളത്.

1947ല്‍ ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം നേടി രണ്ട് രാജ്യങ്ങളായവരാണ് ഇന്ത്യയും പാകിസ്താനും. സ്വാതന്ത്ര്യ പ്രാപ്തിയില്‍ പാക്കിസ്ഥാന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ള വിഭജനമാണ് അന്ന് ബ്രിട്ടീഷുകാര്‍ നടത്തിയിരുന്നത് ഫലഭൂയിഷ്ടമായ കൃഷിസ്ഥലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പാക്കിസ്ഥാനാണ് കൂടുതല്‍ ലഭിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയേക്കാളും സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക അളവുകോലുകളില്‍ പാക്കിസ്ഥാന്‍ തന്നെയായിരുന്നു അന്ന് മുന്‍പന്തിയിലുണ്ടായിരുന്നത്.

എന്നാല്‍ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍ മൂലം പാക്കിസ്ഥാന്‍ ഇപ്പോള്‍ ആഭ്യന്തരവും സാമ്പത്തികവുമായ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. അതേസമയം, ഇന്ത്യയാകട്ടെ ഏഷ്യയിലെ പ്രധാന സാമ്പത്തിക ശക്തിയായും ബഹിരാകാശ ശക്തിയായുമാണ് വളര്‍ന്നിരിക്കുന്നത്. മിറര്‍ നൗ ന്യൂസ് പുറത്ത് വിട്ട കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ചയും പാക്കിസ്ഥാന്റെ തളര്‍ച്ചയും വ്യക്തമാകുന്നതാണ്.

സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1971 വരെ ഇന്ത്യയിലും പാക്കിസ്ഥാനിലും ശിശു മരണനിരക്ക് 1000 ല്‍ 71 എന്ന നിലയിലായിരുന്നു. ഏറിയും കുറഞ്ഞും ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണ്. ആയിരം കുട്ടികളില്‍ 31 ആണ് ഇന്ത്യയിലെ ശിശു മരണനിരക്കെങ്കില്‍ പാക്കിസ്ഥാനിലിപ്പോള്‍ അത് 61 ആണ്.

ഇന്ത്യയേക്കാള്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തില്‍ പാക് പൗരന്മായിരുന്നു മുന്നില്ലെങ്കില്‍ അതും ഇപ്പോള്‍ മാറിയിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ 69 ഉം പാക്കിസ്ഥാനില്‍ 66 വയസുമാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം. സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 1960 വരെ പാക്കിസ്ഥാന്റെ ജിഡിപി ആറ് ശതമാനമായിരുന്നു. ഇന്ത്യയുടെ വാര്‍ഷിക ജിഡിപി അക്കാലത്ത് 3.6 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2019 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ കണക്കുകള്‍ മാറിമറിഞ്ഞു. ഇന്ത്യ 6.6 ശതമാനത്തോളം ജിഡിപി വളര്‍ച്ച നേടിയപ്പോള്‍ പാക്കിസ്ഥാന്റെ ജിഡിപി 3.3 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്.

1947 ല്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കറന്‍സികള്‍ ഡോളറുമായി ഒരേ വിനിമയ നിരക്കാണ് കാണിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 71 എന്ന നിലയിലുള്ളപ്പോള്‍ പാക്കിസ്ഥാന്‍ രൂപ 160 എന്ന നിലയില്‍ പരിതാപകരമായ അവസ്ഥയിലാണുള്ളത്.

വനസമ്പത്തിന്റെ സംരക്ഷണത്തിലും പാക്കിസ്ഥാന്‍ പിന്നോട്ടാണ്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് പാക്കിസ്ഥാന്റെ 3.2 ശതമാനം പ്രദേശവും വനമായിരുന്നു. 1960 വരെ ഇത് നീണ്ടുനിന്നിരുന്നു. എന്നാല്‍ ഇന്നത് 1.8 ശതമാനമായി കൂപ്പുകുത്തിയിരിക്കുകയാണ്. 1960 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ 21.05 ശതമാനം പ്രദേശം വനമായിരുന്നു. ഇന്നത് 24 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.

ജമ്മു കശ്മീര്‍ വിഷയമാണ് ഇന്ത്യാ- പാക് ബന്ധത്തിനെ ഇക്കാലമത്രയും ഉലച്ചിരുന്നത്. ഇന്ത്യയുമായി മൂന്ന് തവണയാണ് പാകിസ്താന്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്നത്. ഇതേ കാരണം കൊണ്ടുതന്നെ ആഭ്യന്തര ഉത്പാദനത്തിന്റെ സിംഹഭാഗവും പാക്കിസ്ഥാന് സൈനിക ചിലവുകള്‍ക്കായി നീക്കിവെക്കേണ്ടിയും വന്നു. ഇതുമൂലം ദാരിദ്ര്യം തുടച്ചുനീക്കാനായി വിവിധ മേഖലകളില്‍ നല്‍കിവന്നിരുന്ന സബ്സിഡികള്‍ പോലും പാക്കിസ്ഥാന് വെട്ടിക്കുറക്കേണ്ടി വരികയും ചെയ്തു. ജിഡിപിയുടെ നാല് ശതമാനം സബ്സിഡിക്കായി പാക്കിസ്ഥാന്‍ നീക്കിവെക്കുമ്പോള്‍ ഇന്ത്യ നീക്കി വെക്കുന്നതാകട്ടെ ഒമ്പത് ശതമാനമാണ്.

ഇന്ത്യയുടെ ജിഡിപിയുടെ എട്ട് ശതമാനമാണ് പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവെക്കുന്നത്. എന്നാല്‍ പാക്കിസ്ഥാനാകട്ടെ ജിഡിപിയുടെ 17 ശതമാനമാണ് പ്രതിരോധ മേഖലയ്ക്കായി നീക്കിവെക്കുന്നത്. ഇതിന് പുറമെ ഭീകരവാദ സംഘടനകളുടെ സാന്നിധ്യം ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാന് കൂച്ചുവിലങ്ങിടുമെന്ന സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

തീവ്രവാദം പാക്കിസ്ഥാന് നല്ലതൊന്നും നേടിക്കൊടുത്തിട്ടില്ല. പകരം ആഗോള തലത്തില്‍ മോശം പ്രതിഛായ മാത്രമാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യ വിവിധ മേഖലകളില്‍ മുന്നേറുകയാണ്. ബഹിരാകാശം ഗവേഷണം, വിദ്യാഭ്യാസം ഐടി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നിര്‍ണായക മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. സൈനിക ശക്തിയിലും ലോക ശക്തികളില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്ത്യയുടെ സ്ഥാനം.

ഇന്ത്യയിലെ ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയവ ലോകനിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ ഇതുവരെ ഒരു മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം പോലും തുടങ്ങാന്‍ സാധിച്ചിട്ടില്ല. ബഹിരാകാശമേഖലയില്‍ ഇന്ത്യ പുതിയ ഉയരം കൊയ്യുമ്പോള്‍ പാകിസ്താന്‍ ഇന്നും പതിറ്റാണ്ടുകള്‍ പിന്നിലാണ്.

ബോളിവുഡിന് പുറമെ ഇന്ത്യയില്‍ പ്രാദേശിക സിനിമാ മേഖലകള്‍ പോലും വലിയ വളര്‍ച്ച പ്രാപിച്ചവയാണ്. വമ്പന്‍ വ്യവസായ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍ ഇവയൊക്കെ ഇന്ത്യയുടെ ഉന്നതിയുടെ സൂചകങ്ങളായാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.

ഇന്ത്യന്‍ വംശജര്‍ ഇന്ന് പല ബഹുരാഷ്ട്ര കമ്പനികളുടെയും നിര്‍ണായക നേതൃസ്ഥാനത്തേക്ക് വന്നു കഴിഞ്ഞു. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ തന്നെ ഇതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ്. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ സ്വാധീന ശക്തിയാണുള്ളത്. അതേസമയം പാക്കിസ്ഥാന്‍ ആകട്ടെ അവരുടെ മെഡിക്കല്‍ ബിരുദത്തിന് ഗള്‍ഫ് രാജ്യങ്ങളുടെ പോലും അംഗീകാരം നേടിയെടുക്കാന്‍ കഴിയാതെ ഉഴലുകയുമാണ്.

സാമ്പത്തികമായി ഇങ്ങെ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാനിപ്പോള്‍ ഇഴഞ്ഞ് നീങ്ങുന്നത് തന്നെ ചൈനയുടെ കാരുണ്യത്തിലാണ്. പാക്കിസ്ഥാന്‍ വഴി ചൈന നിര്‍മിക്കുന്ന സാമ്പത്തിക ഇടനാഴിയിലെ താല്‍പ്പര്യമാണ് ചൈനീസ് താല്‍പ്പര്യത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇന്ത്യ പാക്ക് അധീന കശ്മീര്‍ പിടിച്ചെടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ ചൈനക്കും അത് അപ്രതീക്ഷിത പ്രഹരമായിരിക്കും, ചൈനയില്‍ നിന്നും പാക്ക് അധീന കശ്മീര്‍ വഴി ബലൂചിസ്ഥാനിലെ ഗോദര്‍ തുറമുഖത്തേക്ക് പോകുന്നതാണ് ഈ സാമ്പത്തിക ഇടനാഴി. ചരക്ക് കയറ്റുമതിയാണ് പുറത്ത് പറയുന്നതെങ്കിലും സൈനിക – ആയുധ നീക്കങ്ങളാണ് ചൈന ഇതുവഴി ലക്ഷ്യമിടുന്നത്.

62 ബില്യണ്‍ ഡോളറാണ് സാമ്പത്തിക ഇടനാഴിക്ക് വേണ്ടി ഇതിനകം തന്നെ ചൈന ചിലവാക്കിയിരിക്കുന്നത്.ഇന്ത്യ ഈ നീക്കങ്ങളെയെല്ലാം കരുതലയോടെയാണ് സമീപിച്ച് കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാനുമായി ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ പോയാല്‍ ഇന്ത്യ ആദ്യം ആക്രമിക്കുക സാമ്പത്തിക ഇടനാഴിയെ ആയിരിക്കുമെന്ന ആശങ്കയിലാണിപ്പോള്‍ ചൈന.

ജമ്മുകശ്മീര്‍ വിഷയത്തില്‍ യു.എന്‍ രക്ഷാസമിതിയില്‍ വിഷയം ഉന്നയിക്കാന്‍ ചൈനയെ പ്രേരിപ്പിച്ചതും ഈ തിരിച്ചറിവ് മൂലമാണ്. മുന്‍പ് പാക്കിസ്ഥാന്‍ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിച്ച മോഡലില്‍ ബലൂചിസ്ഥാനെ ഇന്ത്യ സ്വതന്ത്രമാക്കുമെന്ന ഭയവും അവര്‍ക്കുണ്ട്. പാക്ക് അധീന കശ്മീരും ബലൂചിസ്ഥാനും സ്വതന്ത്രമാക്കാനാണ് ഇന്ത്യ നീക്കം നടത്തുന്നതെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. ബലൂചിസ്ഥാനിലെ പ്രക്ഷോഭകര്‍ക്ക് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ആണെന്നാണ് ആക്ഷേപം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിലൂടെ പാക്ക് അധീന കശ്മീരിലേക്ക് ഇന്ത്യയുടെ നോട്ടം എത്തിക്കഴിഞ്ഞതായും പാക്കിസ്ഥാന്‍ ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ സേനാ വിന്യാസം പാക്കിസ്ഥാന്‍ ശക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ചെറിയ പ്രകോപനത്തിന് പോലും വലിയ തിരിച്ചടി എന്ന രൂപത്തിലേക്ക് ഇന്ത്യന്‍ സേന മാറിയത് പാക്കിസ്ഥാന് വലിയ പ്രഹരമായിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ പ്രകോപനമുണ്ടാക്കിയ നിരവധി പാക്ക് സൈനികരാണിപ്പോള്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

മൂന്ന് സേനകളേയും ഒരുമിപ്പിക്കുന്നതിന് പുതിയ തലവന്‍ വരുന്നതിനേയും ഭയത്തോടെയാണ് പാക്കിസ്ഥാന്‍ കാണുന്നത്. ഇന്ത്യയുടെ ഈ അറ്റാക്ക് നയത്തിന് ലോക രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചൈന ഒഴികെ മറ്റൊരു രാജ്യവും പാക്കിസ്ഥാനൊപ്പം നിലവിലില്ല.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടെടുത്ത റഷ്യയുടെ നടപടിയും ചൈനയെയും പ്രതിരോധത്തിലാക്കുന്നതാണ്. യു.എന്‍ രക്ഷാസമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടുകയല്ലാതെ സൈനികമായി പാക്കിസ്ഥാനെ സഹായിക്കാന്‍ ചൈനക്കും ഇനി ബുദ്ധിമുട്ടാകും.

ആരെ പിണക്കിയാലും റഷ്യയെ മാത്രം പിണക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം.ഹോങ്കോങ്ങിലെ സ്ഥിതി വഷളാകുന്നതും ചൈനയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഹോങ്കോങ്ങിലെ അമേരിക്കന്‍ ഇടപെടലിനെതിരെ റഷ്യയുടെ സഹായം ചൈന പ്രതീക്ഷിക്കുന്നുമുണ്ട്. ഇറാന്‍ – ഉത്തര കൊറിയ വിഷയങ്ങളില്‍ രണ്ടു രാജ്യങ്ങളും സമാന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യക്കെതിരായ ഏത് സൈനിക നീക്കവും റഷ്യയെ പ്രകോപിപ്പിക്കുമെന്നതിനാല്‍ തന്ത്രപരമായാണ് ചൈനയിപ്പോള്‍ നീങ്ങുന്നത്.

Express Kerala View

Top