ഇന്ത്യയേക്കാള്‍ ആണവായുധങ്ങള്‍ ചൈനയും പാകിസ്ഥാനും കൈവശം വെക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയേക്കാള്‍ ആണവായുധങ്ങള്‍ ചൈനയും പാകിസ്ഥാനും കൈവശം വെക്കുന്നതായി റിപ്പോര്‍ട്ട്.
‘ദി സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഇയര്‍ ബുക്കിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. ചൈനയുടെ ശേഖരത്തില്‍ 320 ആയുധങ്ങളും പാകിസ്ഥാനും ഇന്ത്യക്കും യഥാക്രമം160ഉം 150ഉം ആയുധങ്ങളുമാണുള്ളതെന്ന് ഇയര്‍ ബുക്കില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കാണിത്.

എസ്.ഐ.പി.ആര്‍.ഐ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട കണക്കിലും ഈ മൂന്ന് രാജ്യങ്ങളില്‍ ചൈന തന്നെയായിരുന്നു കൂടുതല്‍ ആണവായുധങ്ങള്‍ കൈവശം വെക്കുന്ന രാജ്യം. 2019ല്‍ ചൈനക്ക് 290ഉം പാകിസ്ഥാന് 150 മുതല്‍ 160 വരെയും ഇന്ത്യക്ക് 130 മുതല്‍140 വരെയും ആണവായുധ ശേഖരമായിരുന്നു ഉണ്ടായിരുന്നത്.

കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംബന്ധമായ തര്‍ക്കം സങ്കീര്‍ണമാവുകയും ഇരു രാജ്യങ്ങളും മേഖലയിലെ സൈനിക വിന്യാസം ശക്തിപ്പെടുത്തുകയും ചെയ്യുന്ന വേളയിലാണ് എസ്.ഐ.പി.ആര്‍.ഐ ആണവായുധ ശേഖരം സംബന്ധിച്ച കണ്ടെത്തല്‍ പുറത്തു വിടുന്നത്.

ആണവായുധ ശേഖരത്തില്‍ ചൈന ആധുനികവത്ക്കരണം കൊണ്ടുവരുന്നുണ്ടെന്നും കര, നാവിക അടിസ്ഥാനമായ മിസൈലുകളും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള യുദ്ധ വിമാനങ്ങളും അവരുടെ ശേഖരത്തിലുണ്ടെന്നും എസ്.ഐ.പി.ആര്‍.ഐ വ്യക്തമാക്കുന്നു. ഇന്ത്യയും പാകിസ്ഥാനും പതിയെ ആണവശക്തിയുടെ വലിപ്പവും വ്യാപ്തിയും വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇയര്‍ ബുക്കില്‍ പറയുന്നു.

ലോകത്തെ ആകെ ആണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത് റഷ്യയും യു.എസുമാണ്. റഷ്യക്ക് 6,375ഉം യു.കെക്ക് 5,800ഉം ആണവായുധങ്ങളാണുള്ളത്. ഈ വര്‍ഷം ജനുവരി വരെയുള്ള കണക്ക് പ്രകാരം യു.എസ്, റഷ്യ, യു.കെ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്ഥാന്‍, ഇസ്രയേല്‍, ഉത്തര കൊറിയ എന്നീ ഒമ്പത് ആണവരാജ്യങ്ങള്‍ ചേര്‍ന്ന് 13,400 ആണവായുധങ്ങളാണ് കൈവശം വെച്ചിരിക്കുന്നതെന്നും എസ്.ഐ.പി.ആര്‍.ഐ ഇയര്‍ ബുക്കില്‍ വ്യക്തമാക്കുന്നു.

Top