China -once again blocked India’ bid at the UN to ban Je M chief

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മസൂദ് അസറിന് ഐക്യരാഷ്ട്ര സഭയുടെ ഭീകരവിരുദ്ധ സമിതിയെ കൊണ്ട് നിരോധനം ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് ഒരിക്കല്‍ കൂടി ചൈന തടയിട്ടു.

ജനുവരി രണ്ടിന് പത്താന്‍കോട്ടിലുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ജെയ്ഷെ മുഹമ്മദിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യ, ഐക്യരാഷ്ട്ര സഭയുടെ ഉപരോധ സമിതിയോട് ആവശ്യപ്പെട്ടത്. ആക്രമണത്തില്‍ സംഘടനയുടെ പങ്കിനുള്ള തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍, അസറിനെ വിലക്കാനുള്ള തീരുമാനം തല്‍ക്കാലം മാറ്റി വയ്ക്കണമെന്ന് ചൈന ആവശ്യപ്പെടുകയായിരുന്നു.

മസൂദ് അസറും അയാള്‍ നേതൃത്വം നല്‍കുന്ന ജെയ്‌ഷെ മുഹമ്മദ് സംഘടന ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. മസൂദിന് ഏര്‍പ്പെടുത്തിയ വിലക്ക് തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ചൈന ഇടപെട്ടത്.

യു.എന്നിന്റെ ഭീകര വിരുദ്ധ എക്സിക്യുട്ടീവ് ഡയറക്ടറേറ്റില്‍ അംഗമല്ലാത്ത പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ചൈന ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് സൂചന.

2001ലാണ് ജെയ്ഷെ മുഹമ്മദിനെ യു.എന്‍ നിരോധിച്ചത്. എന്നാല്‍, മുംബയ് ഭീകരാക്രമണത്തിന് ശേഷം മസൂദ് അസറിനേയും നിരോധിക്കാനുള്ള ഇന്ത്യയുടെ ആവശ്യം യാഥാര്‍ത്ഥ്യമായിരുന്നില്ല. യു.എന്‍ സമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയുടെ ഇടപെടലായിരുന്നു ഇതിന് പിന്നില്‍.

Top