താത്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയോട് ചൈന

ബീജിങ്: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി ചൈന. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്നാണ് ചൈനയുടെ വാഗ്ദാനം.

ഇന്ത്യയില്‍ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ വുഹാനില്‍ തങ്ങള്‍ നിര്‍മിച്ചതുപോലെയുള്ള ആശുപത്രി തയ്യാറാക്കാന്‍ സഹായിക്കാമെന്നാണ് ചൈനീസ് അധികൃതരുടെ വാഗ്ദാനം.

ഇന്ത്യയില്‍ നിലവിലുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് മതിയായ വിതരണ ശൃംഖലകള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ ക്ഷണപ്രകാരം വുഹാനിലേതുപോലെ താല്‍ക്കാലിക ആശുപത്രികളുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ കഴിയുമെന്ന് ‘ദ ഗ്ലോബല്‍ ടൈംസ്’ ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (സിആര്‍സിസി) ലിമിറ്റഡിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറഞ്ഞു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം ചൈന മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇന്ത്യയുടെ വൈറസ് പോരാട്ടത്തിന്റെ താക്കോല്‍ ആഭ്യന്തര വ്യാപനം തടയുക എന്നതാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞിരുന്നു.

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ രോഗികളെ ചികിത്സിക്കുന്നതിനായി നിരവധി താത്കാലിക ആശുപത്രികളാണ് ചൈനീസ് അധികൃതര്‍ നിര്‍മിച്ചത്. ഇതില്‍ 1000 കിടക്കകളുള്ള ആശുപത്രി 10 ദിവസം കൊണ്ട് നിര്‍മിച്ചത് ലോകമെങ്ങും വലിയ വാര്‍ത്ത ആയിരുന്നു.

ചൈനയില്‍ 82,000 ആളുകള്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതില്‍ 32,000 പേര്‍ മരണപ്പെടുകയും ചെയ്തു. ആദ്യം പകച്ചുപോയെങ്കിലും കര്‍ശനമായ നടപടികളിലൂടെ ചൈന വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടുകയാണുണ്ടായത്.

Top