ചൈന-ഉത്തര കൊറിയ ബന്ധത്തിന് തിരിച്ചടിയായി ഉപരോധം , വ്യാപാരത്തിൽ വൻ തകർച്ച

,North Korea

ബെയ്‌ജിംഗ് : ആണവ പരീക്ഷണങ്ങളുടെ പേരിൽ അന്തരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്രസഭ ഉത്തരകൊറിയക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം വെല്ലുവിളിയായത് ചൈന-ഉത്തര കൊറിയ ബന്ധത്തിന്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ഉപരോധത്തെ തുടർന്ന് വൻ തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഉത്തര കൊറിയയുമായുള്ള ചൈനയുടെ ജനുവരിയിലെ വ്യാപാരബന്ധം ജൂൺ 2014 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ വ്യാപാര ഉപരോധങ്ങൾക്ക് അനുസരിച്ച് ചൈന ഉത്തര കൊറിയയെ മാറ്റിനിർത്തുന്നുവെന്നതിന്റെ സൂചനയാണ് ഈ തകർച്ചയെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ഉത്തര കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയാണ്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ വ്യാപാരത്തിൽ കനത്ത ഇടിവാണ് ഉണ്ടായത്. ചൈനയും ഉത്തരകൊറിയയും തമ്മിൽ ജനുവരിയിൽ നടന്ന വ്യാപാരം 215.97 മില്യൺ ഡോളറായിരുന്നു. എന്നാൽ വ്യാപാരത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 52 ശതമാനം ഇടിവാണ് ഉണ്ടായത്.

അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം പാസാക്കിക്കൊണ്ടാണ് യു.എന്‍ ഉത്തരകൊറിയയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയത്. ആണവ ആയുധങ്ങളുടെ നിർമ്മാണം കിം ജോങ് ഉൻ ഭരണകുടം അവസാനിപ്പിക്കണമെന്നാണ് അമേരിക്കൻ നേതൃത്വം ആവശ്യപ്പെടുന്നത്.

കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്‍തുണയോടെയാണ് പാസായത്. എന്നാൽ പിന്നീട് ഇത് പിൻവലിച്ച ചൈന ഉത്തരകൊറിയയുമായി എണ്ണ വ്യാപാരം തുടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഉത്തര കൊറിയയ്ക്ക് മേൽ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കൻ ഭരണകുടം വെള്ളിയാഴ്ച പുതിയ നിയമങ്ങളും , നിർദേശങ്ങളും പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.

ചൈനയിൽ നിന്ന് ഉത്തരകൊറിയയിലേയ്ക്ക് ഡിസംബറിൽ നടത്തിയ കയറ്റുമതി 257.73 മില്യൺ ഡോളറിന്റേതായിരുന്നു. എന്നാൽ ജനുവരിയിൽ ഇത് 168.88 ദശലക്ഷം ഡോളറായി ഇടിഞ്ഞു. മാത്രമല്ല ഉത്തരകൊറിയിൽ നിന്ന് ചൈനയിലേയ്ക്ക് ഡിസംബറിൽ 54.68 മില്യൺ ഡോളറായിരുന്നു. പക്ഷേ ജനുവരിയിൽ ഇത് 47.09 മില്യൺ ഡോളറായി മാറി.

ഉപരോധം നിലവില്‍വരുന്നതോടെ ഉത്തരകൊറിയയിലേക്കുള്ള എണ്ണകയറ്റുമതിയില്‍ 75 ശതമാനത്തോളം കുറവുണ്ടായി. ചൈനയാണ് ഉത്തരകൊറിയക്ക് എണ്ണ നല്‍കുന്ന പ്രമുഖരാജ്യം.

ചൈന ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇരു രാജ്യങ്ങളുടെയും വ്യാപാര തകർച്ചയുടെ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബറിൽ ഉത്തരകൊറിയയിൽ നിന്നുള്ള ഇരുമ്പയിര്, കൽക്കരി, ലീഡ്
എന്നിവയുടെ ഇറക്കുമതിയും എണ്ണ ഉൽപന്നങ്ങളുടെ കയറ്റുമതിയും ചൈന നിർത്തലാക്കിയിരുന്നു.

ആണവ പരീക്ഷണങ്ങൾ നിരന്തരം നടത്തുന്ന ഉത്തരകൊറിയയ്ക്ക് പുതിയ ഉപരോധം കൂടുതൽ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉത്തരകൊറിയിൽ ഉപരോധം കാരണം പട്ടിണി കൂടുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിദേശത്ത് ജോലിചെയ്യുന്ന ഉത്തരകൊറിയന്‍ പൗരന്‍മാരെ എല്ലാരാജ്യങ്ങളും 2019-ഓടെ തിരിച്ചയക്കണമെന്ന് ഉപരോധത്തിൽ നിർദേശമുണ്ട്. ഇത് രാജ്യത്തിൻറെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാണ്.

അതേസമയം ഉപരോധം തുടരുകയാണെങ്കിൽ ഉത്തരകൊറിയ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഒരുപക്ഷേ ഉപരോധം യുദ്ധത്തിലേക്ക് നയിക്കുന്നുവെന്നും കിം ജോങ് ഭരണകുടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യന്ത്രസാമഗ്രികള്‍, ട്രക്കുകള്‍, ഇരുമ്പ്, ഉരുക്ക്, മറ്റ് ധാതുക്കള്‍ എന്നിവ ഉത്തരകൊറിയക്ക് നല്‍കരുതെന്നും ഉത്തരകൊറിയ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, വൈദ്യുതോപകരണങ്ങള്‍, മണ്ണ്, കല്ല്, തടി, പാത്രങ്ങള്‍ എന്നിവ മറ്റുരാജ്യങ്ങള്‍ ഇറക്കുമതി ചെയ്യരുതെന്നും ഐക്യരാഷ്ട്ര സഭ ഉപരോധത്തിൽ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട് : രേഷ്മ പി.എം

Top